Trending

എ ആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് മാത്രം 300 കോടിയുടെ കള്ളപ്പണം; നിക്ഷേപം പല അക്കൗണ്ടുകളില്‍; കൂടുതല്‍ വെളിപ്പെടുത്തലുമായി കെ ടി ജലീല്‍



തിരുവനന്തപുരം : മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുവിട്ട് ഡോ.കെ ടി ജലീല്‍ എംഎല്‍എ. ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് മാത്രം 300 കോടിയിലധികം രൂപയുള്ള കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ പറഞ്ഞു. പല ആളുകളുടെയും പേരിലുള്ള അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഇ ഡി നോട്ടീസ് ലഭിച്ചപ്പോഴാണ് അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ പേരിലുള്ള നിക്ഷേപത്തെക്കുറിച്ച് അറിയുന്നതെന്നും, ഇത് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

എ ആര്‍ നഗര്‍ ബാങ്കില്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതടക്കം 103 കോടി രൂപയാണ് നേരത്തേ കണ്ടുകെട്ടിയത്. ഇന്‍കംടാക്‌സ് സഹകരണ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ വിംഗിനോട് ഇത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഏതാണ്ട് 600 കോടിയിലധികം കോടിയുടെ കള്ളപ്പണനിക്ഷേപം ആ ബാങ്കിലുണ്ടെന്നാണ് നിഗമനം. വിശദമായ റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ കേരളത്തെ ഞെട്ടിപ്പിക്കുന്ന വിവരമായിരിക്കും അത്.

കഴിഞ്ഞ ദിവസം കണ്ണമംഗലം പഞ്ചായത്തിലെ ഒരു അംഗന്‍വാടി ടീച്ചര്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എ ആര്‍ നഗര്‍ ബാങ്കിന്റെ പ്രസിഡന്റ് മുഖേന ഈ അംഗന്‍വാടി ടീച്ചര്‍ ബാങ്കില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിരുന്നു. ഈ ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇ ഡി യുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പേരിലുള്ള അക്കൗണ്ടില്‍ ഇത്രയും നിക്ഷേപമുണ്ടെന്ന കാര്യം ആ ടീച്ചര്‍ അറിയുന്നത്. 

ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണ്. എ ആര്‍ നഗര്‍ ബാങ്കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍. ബാങ്കിന്റെ വെട്ടിപ്പിലുള്ള ശക്തമായ പ്രതിഷേധം മലപ്പുറത്ത് ഉയര്‍ന്നുവരുന്നുണ്ട്. 

ഒരു സര്‍വീസ് സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണ നിക്ഷേപവും, ലീഗിന്റെ സ്ഥാപനങ്ങളെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലുമാണ് ഒരേസമയം കുഞ്ഞാലിക്കുട്ടി നടത്തുന്നത്. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താനുള്ള നീക്കം വരെ ഉണ്ടായേക്കാം. കുഞ്ഞാലിക്കുട്ടി ലീഗിന്റെ തലപ്പത്ത് വന്നതിന് ശേഷമാണ് ലീഗിലും പോഷകസംഘടനകളിലുംവ്യാപക അഴിമതി ഉണ്ടായത്. എല്ലാ തട്ടിപ്പുകാര്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷണം ഉണ്ടായിട്ടുണ്ട്. 

മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ ആരോപിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post