കേരള ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തതായി പരാതി. അഞ്ച് എ.ടി.എമ്മുകളില്‍ നിന്നായി രണ്ടര ലക്ഷത്തിലേറെ രൂപ തട്ടിയെന്ന കേസില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെ കേരള ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളിലെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവച്ചു.
ഒരാഴ്ചക്കിടെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അഞ്ച് എ.ടി.എമ്മുകളിലാണ് സംശയകരമായ പണം പിന്‍വലിക്കല്‍ നടന്നത്. ഇതിലൂടെ രണ്ടര ലക്ഷത്തി അറുപത്തിയയ്യായിരം രൂപ നഷ്ടമായി. ഉത്തര്‍പ്രദേശുകാരുടെ പേരിലുള്ളതാണ് പണം പിന്‍വലിച്ചിരിക്കുന്ന അഞ്ച് അക്കൗണ്ടും . മറ്റ് ബാങ്കുകളുടെ എ.ടി.എം കാര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നതും. . സാധാരണയായി മറ്റ് ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ആ തുക അക്കൗണ്ട് ഉടമയുടെ ബാങ്കില്‍ നിന്ന് പിന്‍വലിച്ച ബാങ്കിലേക്കെത്തുന്നതാണ്.ഇവിടെ അതുണ്ടായില്ല. അതോടെയാണ് കേരള ബാങ്ക് തട്ടിപ്പ് സംശയിച്ചതും പരാതി നല്‍കിയതും.
പണം പിന്‍വലിച്ച അക്കൗണ്ടുകളേക്കുറിച്ച് മറ്റ് ബാങ്കുകളോട് വിവരം തേടിയെങ്കിലും പരിശോധിച്ച് അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ വ്യാജ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പെന്ന നിഗമനത്തിലാണ് കേരള ബാങ്കും പൊലീസും. അതേസമയം ബാങ്കിന്റെ സോഫ്ട് വെയറിലെ തകരാറാണോയെന്ന സംശയവും സൈബര്‍ ക്രൈം പൊലീസ് പരിശോധിക്കുന്നുണ്ട്.
മുന്‍കരുതലെന്ന നിലയിലാണ് മറ്റ് ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് കേരള ബാങ്ക് നിര്‍ത്തിവച്ചത്. പണം പിന്‍വലിച്ച അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതോടെ തട്ടിപ്പില്‍ വ്യക്തതയുണ്ടാവും. അതിനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Tags:
Latest News
