Trending

'പ്രസവിക്കാത്ത ഒരു പ്രത്യേക ഫെമിനിസ്റ്റുകള്‍', എംഎസ്എഫിലെ പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നു; നേതാക്കള്‍ക്ക് എതിരെ ഗുരുതര വെളിപ്പെടുത്തല്‍




മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റിനും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയ്ക്കും എതിരെ വിദ്യാര്‍ത്ഥിനി വിഭാഗമായ 'ഹരിതയുടെ' നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. എംഎസ്എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഭാഗമായ ഹരിതയുടെ വിശദീകരണം തേടിയത് പോലും സ്ത്രീ വിരുദ്ധമായ പരാമര്‍ശത്തോടെ ആയിരുന്നു എന്ന് നേതാക്കള്‍ പരാതിയില്‍ പറയുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് എതിരെയാണ് പരാതി

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് നല്‍കിയ പരാതിയിലാണ് ഗുരുതര വെളിപ്പെടുത്തല്‍. മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങള്‍ക്ക് എതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സംഘടനക്കകത്തും പൊതു രംഗത്തും ഞങ്ങള്‍ക്ക് വഴിപ്പെട്ടിട്ടില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുള്‍പ്പെടെ വി അബ്ദുല്‍ വഹാബ് ഫോണില്‍ ഭീഷണിപ്പെടുത്തി എന്നും വനിതാ നേതാക്കള്‍ പറയുന്നു.

ഹരിതയുടെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു പ്രത്യേക ഫെമിനിസ്റ്റുകള്‍ എന്നുള്‍പ്പെടെ ആക്ഷേപിക്കുകയും പ്രചാരണം നടത്തി പൊതു മധ്യത്തില്‍ അപമാനിക്കുകയാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിതയുടെ ഭാരവാഹികളെയും പ്രവര്‍ത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നിലപാടാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനും ജില്ല് ജനറല്‍ സെക്രട്ടറി വഹാബും സ്വീകരിക്കുന്നത്. ഇവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നുമാണ് പത്ത് വനിതാ നേതാക്കള്‍ ഒപ്പുവച്ച കത്തില്‍ ആവശ്യപ്പെടുന്നു.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എംഎസ്എഫ് യോഗം വേദിയാകുന്നതായി നേരത്തെ തന്നെ ഹരിത ഭാരവാഹികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ചന്ദ്രിക വിവാദത്തില്‍ മുസ്ലീം ലീഗില്‍ ഉയര്‍ന്ന വിവാദം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി സംഘനാ നേതാക്കള്‍ക്കെതിരായ ആക്ഷേപം എന്നത് പാര്‍ട്ടിയെയും നേതാക്കളെയും വീണ്ടും പ്രതിസന്ധിയിലാക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post