Trending

ജീരകപ്പാറയിൽ അവശേഷിക്കുന്ന കാടും അന്യാധീനപ്പെട്ടേക്കുമെന്ന് ആശങ്ക; ഇടപെടാനൊരുങ്ങി സർക്കാർ

താമരശ്ശേരി റെയ്ഞ്ചിലെ ജീരകപ്പാറ മലവാരത്തില്‍ 2000ത്തില്‍ 270 ഏക്കര്‍ ഭൂമിയാണ് വനംവകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി നോട്ടിഫൈ ചെയ്ത് സ്വകാര്യ ഭൂവുടമകളില്‍ നിന്ന് ഏറ്റെടുത്തത്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മുതലെടുത്ത് കോഴിക്കോട് ജീരകപ്പാറയില്‍ 246 ഏക്കര്‍ വനഭൂമി കൂടി സ്വന്തമാക്കാന്‍ സ്വകാര്യ വ്യക്തികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 2000ത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി സര്‍ക്കാര്‍ ഏറ്റെടുത്ത 24 ഏക്കര്‍ ഭൂമി സുപ്രീംകോടതി ഉത്തരവിന്റെ ബലത്തില്‍ ഭൂവുടമകള്‍ സ്വന്തമാക്കിയിരുന്നു. ജീരകപ്പാറ മലവാരത്തിലെ അവശേഷിക്കുന്ന ഭൂമിയും കൈവശപ്പെടുത്താന്‍ ഭൂവുടമകള്‍ നീക്കം തുടരുന്നതിനിടയിലും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നു.



താമരശ്ശേരി റെയ്ഞ്ചിലെ ജീരകപ്പാറ മലവാരത്തില്‍ 2000ത്തില്‍ 270 ഏക്കര്‍ ഭൂമിയാണ് വനംവകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി നോട്ടിഫൈ ചെയ്ത് സ്വകാര്യ ഭൂവുടമകളില്‍ നിന്ന് ഏറ്റെടുത്തത്. ഇതില്‍ അഞ്ച് ഭൂവുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച് 24 ഏക്കര്‍ വനഭൂമി കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു ഭൂവുടമകള്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ നിഷ്‌ക്രിയമായതോടെ കേസ് തോറ്റു.

24 ഏക്കര്‍ വനഭൂമിയും നഷ്ടമായി. അവശേഷിക്കുന്ന 246 ഏക്കര്‍ വനഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ഭൂവുടമകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അങ്ങനെ വന്നാല്‍ പശ്ചിമഘട്ടത്തില്‍ വയനാടുമായി അതിരിടുന്ന അതീവ പരിസ്ഥിതി ലോല പ്രദേശത്തെ 246 ഏക്കര്‍ നിബിഢ വനങ്ങള്‍ നഷ്ടമാകുമെന്ന് പരിസ്ഥിതി പ്രവർത്തകനായ ടി.വി. രാജൻ പറഞ്ഞു.

ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവപ്രദേശമായ വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ജീരകപ്പാറ മലവാരത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഭൂവുടമകള്‍ക്ക് വനംവകുപ്പ് കൈമാറാനൊരുങ്ങുന്ന ഭൂമിയില്‍ നാല് വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളുമുണ്ട്. മാത്രമല്ല വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രങ്ങളും കൈമാറുന്ന ഭൂമിയിലാണ്. അവശേഷിക്കുന്ന 246 ഏക്കര്‍ കൂടി തിരിച്ചുനല്‍കേണ്ടി വരികയാണെങ്കില്‍ ജീരകപ്പാറ മലവാരത്തിലെ അര്‍ധനിത്യഹരിത വനങ്ങളുടെ നല്ലൊരു പങ്കും നഷ്ടമാകും.

വെള്ളച്ചാട്ടങ്ങള്‍ക്കു പുറമെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടി സ്വകാര്യ വ്യക്തികളുടെ കയ്യിലാവുന്നതോടെ ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകളും ഇല്ലാതാവും. സാഹചര്യം വിലയിരുത്താന്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ നിന്നുള്ള എം.എല്‍.എമാരും വനംമന്ത്രി എ.കെ. ശശീന്ദ്രനും തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. ഭൂവുടമകളില്‍ നിന്ന് ഭൂമി വിലയ്ക്ക് വാങ്ങുന്നതിന്‍റെ സാധ്യതകളും ചർച്ചയായി. ഈ മാസം 16ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തുഷാരഗിരി സന്ദർശിക്കും.

അന്യാധീനപ്പെടുന്ന തുഷാരഗിരി, ജീരകപ്പാറ വനമേഖല സംരക്ഷിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമിതി അംഗം പ്രൊഫ: കെ. ശ്രീധരൻ, പരിസ്ഥിതി വിഷയസമിതി ചെയർമാൻ മണലിൽ മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


സ്വാഭാവിക വനം വനമായിത്തന്നെ നിലനിർത്തി ഈ മേഖല സംരക്ഷിക്കണം. ഒരുകാരണവശാലും സ്വകാര്യവ്യക്തികൾക്ക് ഇവിടം വിട്ടുകൊടുക്കരുത്. തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തുള്ള 23.83 ഏക്കർ ഭൂമി അഞ്ചുപേർക്കായി നൽകാനാണ് ഇപ്പോഴത്തെ കോടതിവിധി.  ഈ മേഖലയിലെ മരങ്ങൾ മുറിച്ചുമാറ്റി കൃഷിഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ മുമ്പും പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. മറ്റുള്ളവരും ഇപ്പോഴത്തെ വിധിയുടെ ചുവടുപിടിച്ച് കോടതിയെ സമീപിക്കാനും വനഭൂമി മൊത്തം കൃഷിഭൂമിയാക്കി മാറ്റാനും സാധ്യതയുണ്ട്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post