കൊടുവള്ളി : തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നും കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്‌കട്ട് കോഴിമാലിന്യ സംസ്കാരണ കേന്ദ്രം ഉടൻ അടച്ചു പൂട്ടി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം ഉണ്ടാക്കണമെന്നും എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഫ്രഷ്കട്ട് കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെ കുറിച്ച് എംഎൽഎയും മുഖ്യമന്ത്രിയും നൽകിയ ഉറപ്പുകൾ യാഥാർഥ്യമാക്കണം. നിലവിൽ പഞ്ചായത്ത് അംഗം മുതൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണവും, എംഎൽഎ, എംപി, തദ്ദേശ വകുപ്പ്, വ്യവസായ വകുപ്പ്, സംസ്ഥാന മുഖ്യമന്ത്രിസ്ഥാനം എന്നിവയും മുസ്‌ലിംലീഗും കോൺഗ്രസും അടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികളുടെ നിയന്ത്രണത്തിലാണ്.
പുതിയ സർക്കാർ കെ-റെയിൽ വിഷയത്തിൽ പദ്ധതി പിൻവലിച്ച വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രഷ്കട്ട് വിഷയത്തിൽ നടപടി വൈകുന്നതിൽ ഒത്തുകളിയുണ്ടോ എന്ന സംശയത്തിന് ഇത് ഇടയാക്കുന്നുവെന്നും കമ്മിറ്റി ആരോപിച്ചു. ജില്ലയിൽ കോഴിമാലിന്യങ്ങളുടെ വർധനവിലെ കണക്കുകളിൽ വൈരുധ്യമുണ്ടെന്നും, മാലിന്യ സംഭരണവുമായി ബന്ധപ്പെട്ട് കരാർ പ്രകാരം വിവിധ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനും ലഭിക്കേണ്ട തുക വിതരണം ചെയ്തിട്ടില്ലെന്നും, ഫ്രഷ്കട്ടിന് പരിസ്ഥിതി വകുപ്പ് ചുമത്തിയ കോടികളുടെ പിഴ ഈടാക്കുന്നതിൽ അലംഭാവമുണ്ട് എന്നും ആരോപണമുണ്ട്.
ഇത് അന്വേഷിച്ച് യാഥാർഥ്യം പുറത്ത് കൊണ്ട് വരികയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് ടി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. ഇ.പി.എ റസാഖ്, ആബിദ് പാലക്കുറ്റി, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് ഒ.എം., താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഫാസിൽ ചമൽ, ജുബൈർ എം.ടി., മുസ്തഫ കൂടത്തായി, റംല റസാക്ക്, ആയിഷ മോൾ, എന്നിവർ സംസാരിച്ചു.