Trending

പിന്നില്‍ നാലുചക്രമില്ലാതെ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍


പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് നിരത്തിലിറക്കിയതിന് കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രജ്ഞിത് കുമാര്‍, എപി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നടപടിക്കാവശ്യമായ സംഭവം.

2021 ഒക്ടോബര്‍ ഏഴിന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ ഡ്രൈവറും കണ്ടക്ടറുമാണ് പിഴവ് കണ്ടെത്തിയത്. കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുന്നതിന്റെ തലേ ദിവസം വരെ ബസ് വര്‍ക്ക്‌ഷോപ്പിലായിരുന്നു.

ഈ ദിവസം ഡ്യൂട്ടി ചാര്‍ജ്മാന്റെ നിര്‍ദേശ പ്രകാരം മെക്കാനിക്കുകള്‍ ബസിന്റെ സ്പ്രിംഗ്‌സെറ്റ് ക്രമീകരിച്ചിരുന്നു. എന്നാല്‍ ചാര്‍ജ്മാന്‍ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിര്‍ദേശം മെക്കാനിക്കുകള്‍ക്കു നല്‍കുകയോ ചെയ്തില്ല. ബസിന്റെ ടയര്‍ മറ്റൊരു ബസിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ടയര്‍ ഇന്‍സ്‌പെക്ടറും ലോഗ് ഷീറ്റ് പരിശോധിച്ചില്ല. ബസ് ഓടിച്ചുനോക്കി സര്‍വീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്ചവരുത്തി. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സി ബാലന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post