Trending

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്തിന്റെയും സഹോദരീഭര്‍ത്താവിന്റെയും വീടുകളില്‍ റെയ്ഡ്


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെയും സൂരജിന്റെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധന ഇപ്പോള്‍ അഞ്ചുമണിക്കൂര്‍ പിന്നിട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് അടക്കം കണ്ടെത്താനായിരുന്നില്ല.

ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സുരാജിന്റെ കൊച്ചയിലെ ഫ്‌ലാറ്റിലും ശരത്തിന്റെ ആലുവയിലെ വീട്ടിലുമാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇയാളിപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. കേസില്‍ ദിലീപുമായി ബന്ധമുള്ള വിഐപിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ശരത്തിലേക്കുകൂടി അന്വേഷണമെത്തിയിരിക്കുന്നത്. അതേസമയം രണ്ടുദിവസമായി ശരത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകിട്ട് മൂന്നരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

അതിനിടെ കേസില്‍ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ എന്ന നിര്‍ദേശം ലംഘിക്കുന്നതാണ് മാധ്യമ വര്‍ത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുംവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മാധ്യമവിചാരണ നടത്തി തനിയ്‌ക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, കേസില്‍ 5 പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഫോണ്‍വിളി വിശദാംശങ്ങളുടെ ഒറിജിനല്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post