താമരശ്ശേരി. ദേശീയപാത ചുങ്കം ജംഗഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിൻ്റെ കാലഘട്ടത്തിൽ കാരാട്ട് റസാഖ് എം എൽ എ യുടെ ശ്രമഫലമായി 2016-2017 ബജറ്റിൽ 20 കോടി വകയിരുത്തി അനുവദിച്ച ചുങ്കം ബൈപ്പാസ് റോഡ് 2018ൽ ചുങ്കം ലിങ്ക് റോഡ് എന്ന് പുനർനാമകരണം ചെയ്ത് കിഫ് ബി മുഖേന 60 കോടി അനുവദിക്കുകയും ചെയ്ത പദ്ധതി ഡോക്ടർ എം കെ.മുനീർ എംഎൽഎയുടെ ഇടപെടലിൻ്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് 74 കോടി അധികമായി അനുവദിച്ച് ഏകദേശം 132 കോടി രൂപയുടെ സ്വപ്ന പദ്ധതിയുടെ 6 (1) നോട്ടിഫിക്കേഷൻ പ്രകാരം റോഡിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ അതിർത്തി നിർണ്ണയിക്കുന്നതിൻ്റെ കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ലിങ്ക് റോഡ് ആരഭിക്കുന്ന ചുങ്കം ചെക്ക്പോസ്റ്റ് പരിസരത്ത് നിന്നും ആരംഭിച്ചു. അടുത്ത ഘട്ടമായി റവന്യൂ വകുപ്പുമായി സംയുക്ത സ്ഥലപരിശോധന നടത്തും. ശേഷം 4(1) നോട്ടിഫിക്കേഷൻ പുറത്തിറക്കും. ശേഷം സാമൂഹിക ആഘാതപഠനം നടത്തി എക്സേപേർട്ട് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും.ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലം എറ്റെടുക്കുന്ന ഉടമകളുമായി ചർച്ചകൾ നടത്തി അവർക്കുണ്ടാകുന്ന ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള സർവ്വേ നടപടികൾ ആരംഭിക്കും. കിഫ്ബിയുടെ മാനദണ്ഡപ്രകാരം12 മീറ്റർ റോഡിൽ 7.5 മീറ്ററിൽ ടാറിംഗും ഇരുവശത്തും 1.5 മീറ്ററിൽ ഓവുചാൽ നിർമ്മാണവും അടങ്ങുന്ന രീതിയിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.സർക്കാർ ഏജൻസിയായ റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്പ്മെൻറ് കോർപ്പറേഷൻ കേരള (RBDCK)
യാണ് നിർവ്വഹണ ഏജൻസി. താമരശ്ശേരി ചുങ്കത്ത് ആരംഭിച്ച അതിർത്തി നിർണ്ണയ കല്ല് സ്ഥാപിക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ, സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ, ലിങ്ക് റോഡ് നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ പിടി.ബാപ്പു, സി.ടി ടോം, ജോൺസൺ ചക്കാട്ടിൽ, റാഷി താമരശ്ശേരി, പി.സി അബ്ദുൽ റഹീം, ആർ.ബി.ഡി.സി.കെ.എഞ്ചിനീയർ കെ.അതുൽ തുടങ്ങിയവർ സംബന്ധിച്ചു.