കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. പശ്ചിമബംഗാളുകാരന്‍ തപസ് കുമാര്‍ സാഹയെയാണ് റിമാന്‍ഡ് ചെയ്തത്. അന്തര്‍സംസ്ഥാന മോഷ്ടാവായ തപസ് കുമാര്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.
മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ഗായത്രിയുടെ വീട്ടില്‍ കഴിഞ്ഞമാസം 28ന് ആയിരുന്നു കവര്‍ച്ച. വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് പ്രതി അലമാരയില്‍ സൂക്ഷിച്ച 45 പവന്‍ സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. അന്തര്‍സംസ്ഥാന മോഷ്ടാവായ തപസ് കുമാറിനെ അതിവിദഗദ്ധമായാണ് ചേവായൂര്‍ പൊലീസ് ബംഗാളില്‍ നിന്ന് പിടികൂടിയത്. പശ്ചിമബംഗാളിലെ റാണഘട്ടില്‍ മാത്രം ഇയാളുടെ പേരില്‍ നാല് കേസുകളുണ്ട്. കൂടാതെ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെയും പ്രതിയാണ് തപസ് കുമാര്‍
ഗൂഗിള്‍ മാപ്പ് നോക്കി വിവിധ റെസിഡന്‍സ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് എത്തിയാണ് തപസ് കുമാര്‍ മോഷണം നടത്തിയത്. മോഷണത്തിനുശേഷം നിര്‍മാണത്തിലിരുന്ന ഒരു വീട്ടില്‍ കിടന്നുറങ്ങിയതിനുശേഷം പുലര്‍ച്ചേ രക്ഷപ്പെടുകയായിരുന്നു. പശ്ചിമബംഗാളില്‍ നിന്ന് കോഴിക്കോട് എത്തിയദിവസം തന്നെയായിരുന്നു തപസ് കുമാറിന്‍റെ മോഷണം.