Trending

'ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാർ അകത്തുള്ളപ്പോൾ', സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നടത്തിയ ആസൂത്രിത സംഘർഷം: ഡിഐജി യതീഷ് ചന്ദ്ര

താമരശ്ശേരി: താമരശ്ശേരി ഫ്രഷ് കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നടത്തിയ ആസൂതരിത അക്രമമാണ് ഫ്രഷ് കട്ടിന് മുന്നിൽ നടന്നത്. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി ഐ ജി വ്യക്തമാക്കി. രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായതെന്നും കർശനമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. റൂറൽ എസ് പി ബൈജു, താമരശ്ശേരി എസ് എച്ച് ഒ എന്നിവരടക്കം 16 ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഡി ഐ ജി വിവരിച്ചു. റൂറൽ എസ് പി ബൈജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തര മേഖല ഐ ജി രാജ്പാൽ മീണക്കൊപ്പം താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോളാണ് യതീഷ് ചന്ദ്ര ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.

ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ കാഴ്ച

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള സംഘര്‍ഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി. 6 വണ്ടികൾ പൂർണമായി കത്തിച്ചു. 2 വണ്ടികൾ എറിഞ്ഞും അടിച്ചും തകർത്തു. ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ കാഴ്ചയാണ് അരങ്ങേറുന്നത്. നിലവിൽ ഫാക്ടറിയിലെ തീ പൂർണമായും അണച്ചു കഴിഞ്ഞു. 4 മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയർ ഫോഴ്സ് ആണ് തീ അണച്ചത്. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികൾ പ്രതിഷേധക്കാർ തല്ലി തകർത്തിട്ടുണ്ട്.

നാളെ ഹർത്താൽ

താമരശ്ശേരി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ , അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.


Post a Comment

Previous Post Next Post