Trending

പി.ടി ബാപ്പുവിനെ പ്രസിഡണ്ടാക്കാൻ നീക്കം, താമരശ്ശേരി മുസ്‌ലിം ലീഗിൽ വീണ്ടും മുറുമുറുപ്പ്. പ്രതിസന്ധിക്ക് പരിഹാരം അകലെ...


 താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയിൽ അഴിച്ചു പണികൾ നടത്തി പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള നേതൃത്വത്തിന്റെ നീക്കം വീണ്ടും പാളുന്നു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയിൽ  വൻ അഴിച്ചുപണികൾ നടത്താനുള്ള  നേതൃത്വത്തിന്റെ നീക്കമാണ്  പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

 നിലവിലെ യു.ഡി.എഫ് ചെയർമാൻ പി.ടി ബാപ്പുവിനെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ്  നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും നടത്തുന്നത്. ഇതിനെതിരെ താമരശ്ശേരിയിലെ ഔദ്യോഗിക വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഈ നിർദ്ദേശവുമായി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും സെക്രട്ടറിയും കഴിഞ്ഞ ദിവസമാണ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ കണ്ടത്. 

 താമരശ്ശേരിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ നേതാക്കളും പ്രവർത്തകരുമായി ചർച്ചചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വം  ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി കെ ഉസൈൻ കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഹുസൈൻകുട്ടി എല്ലാവരുമായി കൂടിയാലോചന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട്‌ സംസ്ഥാന,ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ ഇരിക്കയാണ് പുതിയ നിർദ്ദേശവുമായി മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും സംസ്ഥാന നേതൃത്വത്തെ വീണ്ടും സമീപിച്ചത്. തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ പദവികളിൽ നിന്ന് രാജിവെക്കുമെന്ന് മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി ചില കേന്ദ്രങ്ങളിൽ നിന്നും  വിവരം പുറത്തു വരുന്നുണ്ട്. ഇതാണ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.

 താമരശ്ശേരിയിൽ പാർട്ടിയിൽ ഉണ്ടായ പ്രതിസന്ധികൾക്ക് പിറകിൽ മണ്ഡലം പ്രസിഡണ്ടിനും സെക്രട്ടറിക്കും വ്യക്തമായ പങ്കുണ്ടെന്നാണ് താമരശ്ശേരിയിലെ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും കരുതുന്നത്. 

 ഇവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് താമരശ്ശേരിയിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. താമരശ്ശേരിയിലെ പ്രശ്നങ്ങൾക്ക് കാരണക്കാരായ മണ്ഡലം ഭാരവാഹികൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ സംസ്ഥാന നേതൃത്വം  അംഗീകരിക്കുകയാണെങ്കിൽ താമരശ്ശേരിയിൽ പാർട്ടിയിൽ  വലിയ തോതിലുള്ള പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനം ഉണ്ടാവുകയാണെങ്കിൽ നിലവിലെ പഞ്ചായത്ത് കമ്മിറ്റിയിലും വാർഡ് കമ്മിറ്റികളിലുമുള്ള ഭാരവാഹികൾ രാജിവെക്കുമെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. താമരശ്ശേരിയിൽ ഉടലെടുത്ത പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ഒരു വർഷമായിട്ടും പരിഹാരം കാണാൻ  സാധിക്കാത്തത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാവാൻ ഇടയാക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ തങ്ങൾ രാജിവെക്കുമെന്ന് പറഞ്ഞതായ വാർത്ത തെറ്റാണെന്ന് മണ്ഡലം ലീഗ് പ്രസിഡൻറ് പ്രതികരിച്ചു. അത്തരത്തിൽ ലീഗ് നേതൃത്വത്തിന് ഒരു കത്ത് മണ്ഡലം കമ്മിറ്റി നൽകിയിട്ടില്ലെന്നും മണ്ഡലം പ്രസിഡൻ്റ് പറഞ്ഞു.

Post a Comment

Previous Post Next Post