Trending

കെടിയു, ഡിജിറ്റൽ സർവകലാശാലാ വിസി നിയമനം: മുഖ്യമന്ത്രിയുടെ മുൻഗണനാ ലിസ്റ്റിൽ പഴയ വിസിമാർ താഴെ

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ വിസി നിയമനത്തിൽ മുഖ്യമന്ത്രിയുടെ മുൻഗണനാ ലിസ്റ്റിൽ പഴയ വിസിമാർ താഴെ. സജി ഗോപിനാഥും എം.എസ് രാജശ്രീയുമാണ് പട്ടികയിൽ താഴെയുള്ളത്. അക്കാദമിക് യോഗ്യതയുള്ളവർക്ക് പരിഗണന നൽകിയാണ് മുഖ്യമന്ത്രി പട്ടിക തയാറാക്കിയത്.

ഗവർണറെ പ്രതിസന്ധിയിൽ ആക്കുന്നതാണ് മുഖ്യമന്ത്രി തയാറാക്കിയ പരിഗണനാ പട്ടിക. ഗവർണറുടെ ലിസ്റ്റ് പൂർണമായും തഴഞ്ഞാണ് തീരുമാനം. പട്ടിക ഗവർണർ അംഗീകരിക്കാനാണ് സാധ്യത. ഇല്ലെങ്കിൽ മുഖ്യമന്ത്രിക്ക് കോടതിയിൽ ചോദ്യം ചെയ്യാനാകും. പട്ടിക ഉടൻ ഗവർണർക്ക് കൈമാറും.

ഈ മാസം എട്ട് മുതൽ 11 വരെയായിരുന്നു സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലേക്കുള്ള സെർച്ച് കമ്മിറ്റി അഭിമുഖം. ഇതിൽ നിന്ന് നാല് പേരടങ്ങുന്ന ലിസ്റ്റാണ് ഇരു സർവകലാശാകളിലേക്കുമായി സെർച്ച് കമ്മിറ്റി നൽകിയത്. ജസ്റ്റിസ് സുധാംശു ധൂലി അധ്യക്ഷനായ സെർച്ച് കമ്മിറ്റിയാണ് പട്ടിക തയാറാക്കി മുഖ്യമന്ത്രിക്ക് സീൽ വച്ച കവറിൽ നൽകിയത്.

വിദേശ പര്യടനത്തിന് പോകുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി മുൻഗണനാക്രമം തയാറാക്കിയത്. ഇങ്ങനെ മുൻഗണനാക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറാനായിരുന്നു സുപ്രിംകോടതി നിർദേശം. ഈ പട്ടികയിൽനിന്ന് വിസിമാരെ തെരഞ്ഞെടുക്കാനായിരുന്നു ഗവർണറോട് നിർദേശിച്ചിരുന്നത്.

സാങ്കേതിക സർവകലാശാലാ മുൻ വിസി എം.എസ് രാജശ്രീയും ഡിജിറ്റൽ സർവകലാശാലയിൽ ടേം പൂർത്തിയാക്കിയ വിസി സജി ഗോപിനാഥും രണ്ട് സർവകലാശാലകളുടേയും വിസിമാരുടെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരെ തഴഞ്ഞ് മുൻഗണന താഴേക്ക് മാറ്റിയിട്ടുള്ള പട്ടികയാണ് മുഖ്യമന്ത്രി തയാറാക്കിയിരിക്കുന്നത്. അക്കാദമിക് യോഗ്യതാ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം.

Post a Comment

Previous Post Next Post