Trending

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; നിർണായക നിരീക്ഷണം ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവിൽ

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ്റെ പ്രവർത്തനം തുടരാമെന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവിലാണ് നിർണ്ണായക നിരീക്ഷണം ഉള്ളത്. കമ്മീഷൻ്റെ പ്രവർത്തനം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണം കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൻ്റെ ഭാഗമായി കോടതി ഉൾപ്പെടുത്തുകയായിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 1950 ലെ ഉടമ്പടി പ്രകാരം മുനമ്പത്തേത് വഫഖ് ഭുമിയല്ല. ദൈവത്തിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് താത്ക്കാലിക ദാനമായി ഫറൂഖ് കോളേജിന് നൽകിയതാണ്.

ഫാറൂഖ് കോളജ്മാനേജ്‌മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ല, കേവലം ഏത് നിമിഷവും തിരിച്ചെടുക്കാവുന്ന താൽക്കാലിക ദാനം മാത്രമാണ്. 1954 1984, 1995 വഫഖ് ആക്റ്റുകൾ പ്രകാരം സ്ഥിര സമർപ്പണമല്ലാത്ത താത്ക്കാലിക ദാനം വഖഫാ യി കണക്കാക്കാനാവില്ല. വിദ്യഭ്യാസ ആവശ്യത്തിന് നൽകിയ ഭൂമി കോളേജ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

മുനമ്പം ഭൂപ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ പ്രവർത്തനം തടഞ്ഞതിന് എതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്. സിംഗിൾ ബഞ്ച് ഉത്തരവ് റദാക്കിയ ഡിവിഷൻ ബഞ്ച് കമ്മീഷന് പ്രവർത്തനം തുടരാമെന്ന് വ്യക്തമാക്കി. അന്വേഷണവുമായി കമ്മീഷന് മുന്നോട്ട് പോകാം. കമ്മീഷൻ്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരിന് മുന്നോട്ട് പോകാമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി

Post a Comment

Previous Post Next Post