Trending

‘കുമ്പളയിലെ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കി’; ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയെന്നും മന്ത്രി വി ശിവൻകുട്ടി.

കാസര്‍ഗോഡ് കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ വേദിയില്‍ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും ആ വാക്ക് ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ആ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.


കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങള്‍ക്കും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്ന് ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാന്‍ അവസരമൊരുക്കിയതിലൂടെ നാം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്.

അവതരണത്തിന് അവസരമൊരുക്കാന്‍ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും ധീരമായി തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന പ്രിയ വിദ്യാര്‍ഥികളെയും ഹൃദയത്തോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

Previous Post Next Post