കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ 4000- ഓളം വരുന്ന കുടുംബങ്ങളെ കഴിഞ്ഞ ആറു വർഷങ്ങളായി ദുരിതത്തിലാഴ്‌തിക്കൊണ്ടിരിക്കുന്ന' ഫ്രഷ് കട്ട്' അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെ സമാധാനപൂർണമായി നടന്നുവന്നിരുന്ന സമരങ്ങൾക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് കൂടത്തായ് സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്‌കൂൾ.
കൂടത്തായി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് കുട്ടികളുടെ ആരോഗ്യത്തെയും ഉറക്കത്തെയും പ്രസ്തുത സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ബാധിച്ചു എന്നതുകൊണ്ടു മാത്രമല്ല മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൻ്റെ സുഗമമായ നടത്തിപ്പിനെ പ്രസ്തുത സ്ഥാപനത്തിൽ നിന്നും പുറപ്പെടുന്ന ദുർഗ്ഗന്ധം ബാധിച്ചു എന്നതുകൊണ്ട് കൂടിയാണ് ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മാത്രമല്ല സ്കൂളിൻ്റെ സമീപത്ത് കൂടി ഒഴുകുന്ന "ഇരുതുള്ളി പുഴയെ" ഈ സ്ഥാപനത്തിൽ നിന്നും പുറന്തള്ളുന്ന മലിനജലം എത്രമാത്രം വിഷലിപ്തമാക്കികൊണ്ടിരിക്കുന്നു എന്ന് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. 2000-ഓളം കുട്ടികൾ ഒപ്പിട്ടു നൽകിയ ഭീമ ഹർജി കലക്ടർക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ഭരണാധികാരികൾക്ക് രേഖാമൂലം പലതവണയായി പരാതികൾ നൽകിയിട്ടുള്ളതാണ്. ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ നാളിതുവരെയും ഇതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല.
ഒക്ടോബർ21-ന് നടന്ന സമരത്തിൽ ഉണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുന്നു. കഴിഞ്ഞ ആറുവർഷമായി സമാധാനപൂർവ്വം നടന്ന പ്രതിഷേധങ്ങളിൽ ഒരു അനിഷ്ട സംഭവമുണ്ടായിട്ടില്ല. പെട്ടെന്ന് ഇത്തരത്തിൽ ഉണ്ടായ അക്രമ പരമ്പരകളുടെ പിന്നിലെ കാരണം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ജാതിമതഭേദമെന്യേയുള്ള നാട്ടുകാരുടെ ഭീതി അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രശ്നം പരിഹരിക്കുമെന്ന് കഴിഞ്ഞ ആറു വർഷങ്ങളായി ഫ്രഷ് കട്ട്' ഉടമകൾ വാഗ്ദാനം നൽകിക്കൊണ്ടിരുന്നത് ഇതുവരെ പാലിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അഭ്യർത്ഥിക്കുന്നു.