കൊടുവള്ളി
കൊടുവള്ളി നിയോജക മണ്ഡലത്തിന്റെ പ്രധാന കേന്ദ്രമായ സുവർണ്ണ നഗരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സലീം മടവൂരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശനിയാഴ്ച്ച നാമനിർദ്ദേശപത്രിക നൽകിയ ശേഷം ഞായറാഴ്ചയാണ് ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. ഞായറാഴ്ച കൊടുവള്ളി നഗരസഭയിലെ പ്രധാന വ്യക്തികളെയും കലാ-കായിക രംഗത്തുള്ളവരെയും സംരംഭകരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കൂടാതെ കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. അസുഖ ബാധിതരായി കഴിയുന്നവരുടെ വീടുകളിൽ എത്തി വിവരങ്ങൾ തിരക്കി. നേരിന്റെ രാഷ്ട്രീയത്തെ മുറുകെ പിടിച്ച സലീം മടവൂരിനെ കൊടുവള്ളിയുടെ ജനത നെഞ്ചോട് ചേർത്തതിന്റെ നേർക്കാഴ്ചയായിരുന്നു ആറങ്ങോടിലെ സ്വീകരണ കേന്ദ്രം. പ്രവർത്തകർ മുദ്രാവാക്യം വിളിയോട് കൂടി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് വിവിധ കൺവെൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. രാവിലെ സൗത്ത് കൊടുവള്ളിയിൽ നിന്നും ആരംഭിച്ച് കൊടുവള്ളി, പോർങ്ങോട്ടൂർ, മാനിപുരം, പാലക്കുറ്റി, കരീറ്റി പറമ്പ്, ആറങ്ങോട് തുടങ്ങി വിവിധയിടങ്ങളിലാണ് സന്ദർശനം നടത്തിയത്.മണ്ഡലം സെക്രട്ടറി കെ ബാബു, വായോളി മുഹമ്മദ്, പി കെ ഇ ചന്ദ്രൻ, വേളാട്ട് മുഹമ്മദ്, സി പി നാസർകോയ തങ്ങൾ, ഒ പി ഐ കോയ, ഫൈസൽ കാരാട്ട്, ഒ പി റഷീദ്,കെ ഷറഫുദ്ദീൻ, കെ സുരേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.