Trending

സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഒപ്പം മകനും സഹായിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ബാസിജ് ഫോഴ്‌സ് കമാന്റര്‍ ഗുലൈം റസ സുലൈമാനിയെയും ഇസ്രായേല്‍ വധിച്ചു. ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചെന്ന സ്ഥിരീകരണം.

ലാരിജാനിയുടെ രക്തസാക്ഷിത്വത്തില്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്റെ ഭാവിക്കായി കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും സ്‌നേഹവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്ത് ഉള്‍പ്പെടെ നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി.


ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന്റെ മരണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങളെ പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി.

അതേസമയം, മേഖലയിലെ സംഘര്‍ഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വലിയ തീപിടുത്തമുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഈ ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുകയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post