Trending

"ഇതേ ബുദ്ധിശക്തിയുമായി ബിജെപിയെ നയിക്കുന്നത് തുടരുക"; ശിശുമരണനിരക്കിൽ വിചിത്രവാദം ഉന്നയിച്ച രാജീവ് ചന്ദ്രശേഖറിന് മറുപടി



തിരുവനന്തപുരം: കേരളത്തിലെ കുറഞ്ഞ ശിശുമരണനിരക്കിൽ വിചിത്രവാദം ഉന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി. ശിശുമരണനിരക്കിനെ യുവാക്കളുടെ കുടിയേറ്റവുമായി ബന്ധിച്ചിപ്പിച്ച രാജീവ് ചന്ദ്രശേഖറിനോട് ഇതേ 'ബുദ്ധിശക്തി'യുമായി സംസ്ഥാന ബിജെപിയെ നിങ്ങൾ നയിക്കുന്നത് തുടരുക എന്ന് ജോൺ ബ്രിട്ടാസ് പരിഹസിച്ചു. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തിൽ ശിശുമരണനിരക്ക് കുറവെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമർശം.


ശിശുമരണനിരക്ക് എന്നത് ഒരു വർഷം ജനിക്കുന്ന 1,000 കുട്ടികളിൽ ഒരു വയസിനു താഴെ മരണപ്പെടുന്നവരുടെ എണ്ണമാണ്. ഇത് ഒരു സമൂഹത്തിന്റെ ആരോഗ്യനിലവാരം, സാമൂഹിക-സാമ്പത്തിക അവസ്ഥകൾ, പോഷകാഹാര ലഭ്യത, ശുചിത്വം, മാതൃസംരക്ഷണം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ അളക്കുന്ന ആഗോള സൂചികയാണ്. അല്ലാതെ വിദ്യാഭ്യാസത്തിനോ ജോലിക്കോ വേണ്ടി യുവാക്കൾ നാടുവിടുന്നതുമായി ഇതിന് ഒരു ബന്ധവുമില്ല- ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


കേരളത്തിൽ 1,000 കുട്ടികളിൽ അഞ്ച് പേരാണ് മരിക്കുന്നത്. ഇത് അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട നിലവാരമാണ്. യുഎസിൽ ശിശുമരണനിരക്ക് ഇത് 5.6 ആണ്. ​ഗുജറാത്തിൽ ആയിരത്തിൽ 20 കുട്ടികൾ മരിക്കുന്നു. ഉത്തർപ്രദേശിൽ 37. ദേശീയ ശരാശരി 25 ആണ്. പൊതുജനാരോഗ്യ മേഖലയിലെ ഭരണമികവിന്റെ തെളിവാണ് ഈ കണക്കുകൾ. രാജ്യത്തിനായുള്ള 'മോഡലുകളെ' കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചിന്തിക്കാൻ ഇത്രയും കാര്യങ്ങൾ മതിയല്ലോ എന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.

Post a Comment

Previous Post Next Post