Trending

പണം കടം വാങ്ങിയെന്ന് കാണിച്ച് വ്യാജ കരാർ: കേസെടുക്കാൻ കോടതി ഉത്തരവ്


താമരശ്ശേരി: പണം കടം വാങ്ങിയെന്നതിനെ സംബന്ധിച്ച കരാർ വ്യാജമായി നിർമ്മിച്ചുവെന്ന പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്യേഷണം നടത്താൻ കോടതി ഉത്തരവ്.
മുക്കം ചെറുവാടി പാറപ്പുറത്ത് അബ്ദുൽ നാസർ, വാലില്ലാപുഴ മൂത്തേടത്ത് പാറക്കൽ സക്കീർ ഹുസൈൻ, മാവൂർ ബൈത്ത അൽനൂർ മുനീർ പി.കെ.എന്നിവർക്കെതിരെ താമരശേരി - വെളിമണ്ണ പുറായിൽ മുഹമ്മദ് ഹനീഫ (47) നൽകിയ പരാതിപ്രകാരമാണ് കേസെടുത്ത് അന്യേഷണം നടത്താൻ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുക്കം പോലീസിന് നിർദ്ദേശം നൽകി ഉത്തരവായത്.

പരാതിക്കാരനായ മുഹമ്മദ് ഹനീഫയുടെ ഒപ്പ് വ്യാജമായി ഇട്ട് ഒന്നാം പ്രതി അബ്ദുൽ നാസറിൽ നിന്നും പരാതിക്കാരൻ 500000 /- രൂപ കടമായി വാങ്ങിച്ചെന്നും മറ്റും എഴുതി ചേർത്ത് വ്യാജ കരാർ പ്രതികൾ നിർമ്മിച്ചു എന്നതാണ് പരാതിക്കാരന്റെ ആരോപണം. അപ്രകാരം വ്യാജമായി ഒപ്പിട്ട് നിർമ്മിച്ച കരാറിൽ 2,3 പ്രതികളായ സക്കീർ ഹുസൈൻ,മുനീർ പി.കെ എന്നിവർ സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിൽ പറയുന്നു.

വ്യാജകരാർ ഉപയോഗിച്ച് അബ്ദുൽ നാസർ താമരശ്ശേരി മുൻസിഫ് കോടതിയിൽ പരാതിക്കാരനെതിരെ സിവിൽ കേസ് നൽകിയതിനെ തുടർന്ന് മുൻസിഫ് കോടതിയിൽ നിന്നും പരാതിക്കാരന് നോട്ടീസ് ലഭിച്ചപ്പോഴാണ് പരാതിക്കാരന്റെ ഒപ്പ് വ്യാജമായി ഇട്ട് വ്യാജ കരാർ നിർമ്മിച്ചതെന്നും ആയതിന്റെ അടിസ്ഥാനത്തിലാണ് സിവിൽ കേസ് നൽകിയതെന്നും പരാതിക്കാരന് മനസിലായത്.

ആയതിനെ തുടർന്ന് പരാതിക്കാരൻ അഡ്വക്കറ്റ് കെ.പി. ഫിലിപ്പ് മുഖേന സമർപ്പിച്ച സ്വകാര്യ അന്യായം പരിഗണിച്ചാണ് കേസെടുക്കാൻ മുക്കം പോലീസിന് കോടതി നിർദ്ദേശം നൽകിയത്. ഇതോടെ പ്രതികൾക്കെതിരെ മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യേഷണം ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post