തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി വിഴിഞ്ഞത്തെ ഒരു ബാറിലാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയായ അച്ചുവും സംഘവും ബാറിൽ വെച്ച് ഒരാളുമായി തർക്കത്തിലേർപ്പെടുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ തർക്കം പരിഹരിക്കാനായി ഇടപെട്ടപ്പോഴാണ് സുമന് നേരെ ആക്രമണമുണ്ടായത്.
ബാറിനുള്ളിൽ വെച്ച് സുമനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. അവിടെ നിന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഓടിയിറങ്ങിയ സുമനെ പ്രതികൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. റോഡിൽ വീണുകിടന്ന സുമനെ പ്രതികൾ അതിക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മർദ്ദനമേറ്റ് അവശനിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് ആ വഴി വന്ന കാർ യാത്രക്കാരാണ് സുമനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണം സംഭവിച്ചിരുന്നു.