Trending

നിഷേധിച്ച് സതീശൻ ചേരി, മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല; നിരീക്ഷകർക്ക് മുന്നിൽ അല്ല ഇക്കാര്യം പറയേണ്ടതെന്നും വിശദീകരണം



തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ നിന്ന് പുറത്തുവരുന്നത് മത്സരം കടുക്കുകയാണെന്നാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.

എ ഐ സി സി അധ്യക്ഷനെ ചുമതലപ്പെടുത്തി

അതേസമയം കെ പി സി സി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എ ഐ സി സി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി. നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതാണ് പ്രമേയം. ഹൈക്കമാൻഡ് പ്രതിനിധികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദില്ലിയിൽ നിന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമെടുക്കാന്‍ എം എൽ എമാരുമായുള്ള ഹൈക്കമാൻഡ് നിരീക്ഷകരുടെ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുകയാണ്. എം എൽ എമാരുടെ അഭിപ്രായത്തിന് പുറമെ ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകൾ നിരീക്ഷകർ തേടും. നിരീക്ഷകർ തിരികെ ദില്ലിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.



T News

working in the field of advertising and printing

Post a Comment

Previous Post Next Post