Trending

മുംബൈയില്‍ കനത്തമഴ, മണ്ണിടിച്ചില്‍: 20 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു





മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 20 പേര്‍ മരിച്ചു. മുംബൈ വിക്രോളി, ചെമ്പൂര്‍ പ്രദേശങ്ങളിലാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാസി നായിക് പ്രദേശത്ത് മരം വീടിനു മുകളില്‍ വീണതിനെ തുടര്‍ന്നാണ് ഏഴുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരണ നിരക്ക് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെമ്പൂര്‍, വിക്രോലി പ്രദേശങ്ങളിലും കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആകെ മരണസംഖ്യ 20 പിന്നിട്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.

ഇന്നലേയും ഇന്നുമായി മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പും മറ്റുമാണ് അപകടങ്ങളിലേക്ക് നയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വിക്രോളി പ്രദേശത്ത് മഴയിലും മണ്ണൊലിപ്പിലും കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചേമ്പൂറിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായതായാണ് സൂചന.

വിക്രോളിയിലെ സൂര്യനഗര്‍ പ്രദേശത്തു നിന്ന് ഒന്‍പത് പേരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു

.അതിനിടെ മുംബൈ നഗരത്തില്‍ റെക്കോഡ് മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. രാത്രി 8 മുതല്‍ പുലര്‍ച്ചെ രണ്ടു മണിയ്ക്കിടയില്‍ 156.94 മില്ലീ ലിറ്റര്‍ മഴയാണ് മുംബൈ നഗരത്തില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ചെനുബാട്ടി, സിയോണ്‍, ഡാര്‍, ഗാന്ധിമാര്‍ക്കറ്റ്, ചെമ്പൂര്‍, കുര്‍ള എല്‍ബിഎസ് എന്നീ താഴ്ന്ന പ്രദേശങ്ങള്‍ മഴയെ തുടര്‍ന്ന് വെള്ളത്തിന്നടിയിലായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കിഴക്കന്‍ ബിര്‍വോളിയില്‍ കനത്ത മഴയെ തുര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാര്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ പുറത്തുവി്ട്ടു. മുബൈ നഗരത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ട്രേക്കുകള്‍ പലയിടത്തും വെള്ളം കയറി കിടക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേ സമയം മുംബൈയില്‍ കനത്ത മഴ അഞ്ചു ദിവസം കൂടി തുടരുമെന്നാണ് കാലവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post