സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി കേരളം ഒറ്റക്കെട്ടായി സമാഹരിച്ച ചികില്‍സാ സഹായത്തില്‍ അധിക തുക സര്‍ക്കാറിന് കൈമാറും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക വകയിരുത്തിയ ശേഷം ബാക്കിവരുന്ന തുകയാണ് കൈമാറാന്‍ ഒരുങ്ങുന്നത്. സര്‍ക്കാറിന്റെ സാമൂഹികസുരക്ഷ മിഷനിലേക്കാവും പണം കൈമാറുക.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതകരോഗത്തിന്റെ മരുന്നിന് നികുതി ഉള്‍പ്പെടെ 18 കോടി രൂപയായിരുന്നു ആവശ്യം. മുഹമ്മദിനായി കേരളം കൈകോര്‍ത്തപ്പോള്‍ അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തി. 46.78 കോടി രൂപയാണ് ഇത്തരത്തില്‍ കുഞ്ഞിനായി സമാഹരിക്കപ്പെട്ടത്. ഇതിനിടെ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുമെത്തി. മരുന്നിന്റെ നികുതി കുറയ്ക്കാന്‍ ഇടപെടണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
വിഷയം അനുഭാവപൂര്‍വം പരിഗണിച്ച കേന്ദ്രവും അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെ മരുന്നിന്റെ നികുതി ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതോടെ 18 കോടി രൂപയുടെ മരുന്നിന് നികുതിയിനത്തില്‍ വരുന്ന ഏകദേശം ആറരക്കോടി രൂപയും കുറവുവരും. മരുന്ന് എത്തിക്കാനുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഒരാഴ്ചക്കുള്ളില്‍ മരുന്ന് എത്തിക്കാനാവുമെന്നാണ് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളുടെ നിലപാട്.
ഇത്തരം ഒരു സാഹചര്യം ഉയര്‍ന്നുവന്നതോടെയാണ് മുഹമ്മദിന്റെ ചികില്‍സയ്ക്കായി എത്തിയ തുകയില്‍ ബാക്കിവരുന്ന പണം സര്‍ക്കാറിന് കൈമാറാന്‍ തയ്യാറാവുന്നത്. മുഹമ്മദിന്റെ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹിയായ എം. വിജിന്‍ എംഎല്‍എ വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സമാനമായ അസുഖമുള്ള കുട്ടികള്‍ക്ക് ചികിത്സ സഹായം ലഭ്യമാക്കുന്ന തരത്തില്‍ വിനിയോഗിക്കുന്നതിനാവും ഈ തുക നിക്ഷേപിക്കുക. ഇതേ അസുഖം ബാധിച്ച ജില്ലയിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന അഭ്യര്‍ഥനയും സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ചികിത്സ സഹായ കമ്മിറ്റി ചെയര്‍മാന്‍ ഫാരിഷ ടീച്ചര്‍, കണ്‍വീനര്‍ അബ്ബാസ് ഹാജി, അജിത്ത് മാട്ടൂല്‍, പ്രകാശന്‍, അബ്ദുല്‍ കലാം, ബി നസീര്‍ എന്നിവരും എം വിജിന്‍ എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നു.