Trending

മൻമോഹൻ സിംഗിനെ കാണാൻ ഫൊട്ടോഗ്രഫറെ കൂട്ടി ആരോഗ്യമന്ത്രി; കാഴ്ചമൃഗമല്ലെന്ന് മകൾ


ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിവരം അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഫൊട്ടോഗ്രഫറുമായി എത്തിയതു വിവാദത്തിൽ. വീട്ടുകാരുടെ എതിർപ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫൊട്ടോഗ്രഫറും മൻമോഹൻ സിങ്ങിന്റെ മുറിയിൽ കയറിയതാണ് വിവാദമായത്.

മൻമോഹന്റെ ഭാര്യ ഫൊട്ടോഗ്രഫർ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇക്കാര്യത്തിൽ അമ്മ ദുഃഖിതയാണെന്നു മൻമോഹന്റെ മകൾ ധമൻദീപ് സിങ് പറഞ്ഞു. മന്ത്രി നേരിട്ടെത്തിയതു നല്ലതാണെങ്കിലും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമൻദീപ് പറഞ്ഞു.

മൻമോഹനെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ മാണ്ഡവ്യ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ എതിർപ്പിനെ തുടർന്നു പിന്നീടു പിൻവലിച്ചു. പനിയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിൽ കഴിയുന്ന മൻമോഹൻ സിങ്ങിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധൻ ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സിക്കുന്നത്.

മൻമോഹന്റെ രോഗമുക്തിക്കായി പ്രാർഥിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, ഡോക്ടർമാർ, മൻമോഹന്റെ ഭാര്യ എന്നിവരുമായി സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.

വിവാദത്തെക്കുറിച്ചു ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ല. ഭരണഘടനാ പദവികളിലിരുന്നവരെ പ്രവേശിപ്പിക്കുമ്പോൾ എയിംസ് പ്രസിഡന്റ് എന്ന നിലയിൽ മന്ത്രി സന്ദർശിക്കാറുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post