Trending

കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പിടിയിൽ


ഗാസിയാബാദ്: കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയിൽ. ഉത്തർ പ്രദേശി​​​ലെ ഗാസിയാബാദ് സ്വദേശി പ്രീതി ശർമയാണ് പിടിയിലായത്. നാലു വർഷം മുമ്പ് വിവാഹമോചിതയായ ഇവർ, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് യുവതി ​മൊഴി നൽകി.


ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ യുവതി ട്രോളി ബാഗുമായി പോകുന്നത് കണ്ട ​പൊലീസ് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും യുവതി വെളിപ്പെടുത്തിയത്.

വിവാഹം കഴിക്കാൻ പ്രീതി ഫിറോസിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. അവസാനം തന്റെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചതിന്റെ ദേഷ്യത്തിൽ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്നും പ്രീതി മൊഴി നൽകി.

മൃതദേഹം ഒരു ദിവസം ഫ്ലാറ്റിൽ സൂക്ഷിച്ചു. പിന്നീട് വലിയൊരു ട്രോളി ബാഗ് വാങ്ങി മൃതദേഹം അതിലാക്കി. അതുമായി ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. ബാഗ് ഏതെങ്കിലും ട്രെയിനിൽ ഉപേക്ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post