വ്യാഴാഴ്ച രാവിലെ ചെന്നൈ സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് സംഭവം. ചെന്നൈ ഗിണ്ടി രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സത്യയാണ് (20) കൊല്ലപ്പെട്ടത്. ചെന്നൈ ആദംപാക്കം സതീഷാണ് (23) പ്രതി. ഇരുവരും പതിവായി റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് സംസാരിക്കുന്നത് പതിവാണ്.
വ്യാഴാഴ്ച രാവിലെ ഇവർ തമ്മിൽ വഴക്കിടുകയും അതുവഴിവന്ന ഇലക്ട്രിക് ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിട്ടശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈ ത്യാഗരായർ നഗറിലെ സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയാണ് സത്യ. മാണിക്കം-രാമലക്ഷ്മി ദമ്പതികളുടെ മകളാണ്.
ഈയിടെയായി സതീഷുമായി സംസാരിക്കാൻ സത്യ താൽപര്യം കാണിക്കാത്തതാണ് കൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സതീഷ് നിരന്തരം ശല്യപ്പെടുത്തുന്നതായി ആരോപിച്ച് സത്യയുടെ രക്ഷിതാക്കൾ ഒരാഴ്ച മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സതീഷും സത്യയും തമ്മിൽ വഴക്കുണ്ടായതെന്ന് കരുതുന്നു.