താമരശ്ശേരി:
പാo ഭാഗങ്ങൾ ദൃശ്യവത്കരിച്ച സ്കൂൾ കാമ്പസ്, കുരുന്നുകളെ ആകർഷിക്കുന്ന മനോഹരമായ പാർക്ക്. താമരശ്ശേരി ചെമ്പ്ര ഗവ.എൽ.പി.സ്കൂളിൽ എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയായ ഹൈടെക് പ്രി പ്രൈമറി വർണ്ണ കൂടാരം നാളെ (വെള്ളി) രാവിലെ 9.30ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പത്ത് ലക്ഷം രൂപ ചെലവലിലാണ് സ്കൂൾ വർണ്ണാഭയാക്കിയത്.
പ്രി പ്രൈറിയുടെ കളിപാട്ടം പാo പുസ്തകവുമായി ബന്ധപ്പെടുത്തിയ ദൃശ്യരൂപങ്ങളാണ് വർണ്ണകൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. കളിയിടത്തിലെ പാർക്ക് ആകർഷക വർണ്ണങ്ങളാൽ കുരുന്നുകൾക്ക് ആഹ്ലാദം പകരുന്നതാണ്. സിമൻ്റും മണലും ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് പുറംചുമരിനെ
സുന്ദരമാക്കുന്നത്. കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ പ്രവർത്തന ഇടങ്ങളാണ് ക്ലാസ് മുറികളിൽ സജ്ജമാക്കിയിരിക്കുന്നത്. ശാരിരിക ചാലക വികാസം, ഭാഷാ വികാസം, വൈജ്ഞാനിക വികാസം, സാമൂഹിക വൈകാരിക വികാസം, സർഗ്ഗാത്മക വികാസം എന്നീ മേഖലകളെ പരിഗണിച്ചാണ് ഓരോ ഇടങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ആഹ്ളാദകരമായ അന്തരീക്ഷത്തിൽ കളി രീതിയുടെ സാധ്യതകൾ കുരുന്നുകൾക്കായി പരമാവധി പ്രയോജനപ്പെടുത്തിയാണ് വർണ്ണ കൂടാരം പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് എസ്.എസ്.കെ. ഡി.പി.സി. ഡോ. എ.കെ. അബ്ദുൽ ഹക്കീം പദ്ധതി വിശദീകരിക്കും. പ്രധാന അധ്യാപിക കെ.ടി. ഷൈനി റിപ്പോർട്ട് അവതരിപ്പിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
