കട്ടിപ്പാറ : കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും ജലശ്രീ ക്ലബ്ബ് രൂപീകരണവും നടത്തി.
കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജല മലിനീകരണം തടയേണ്ടതിെനെക്കുറിച്ചുമൊക്കെ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾക്കു വേദിയാകുന്ന ജലശ്രീ ക്ലബ്, വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. ജീവസന്ധാരണത്തിന് ഏറ്റവും അത്യാവശ്യ ഘടകമായ ജലത്തെക്കുറിച്ച് സമഗ്രമായ അറിവ് കുട്ടികൾക്ക് നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു . പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. ജലശ്രീ ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാസൃഷ്ടികൾ കോർത്തിണക്കി ജല മാഗസിൻ ഉടനെ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജൽ ജീവൻ മിഷൻ പഞ്ചായത്ത് തല കോർഡിനേറ്റർ കെ.വി അസീസ് പദ്ധതി വിശദീകരണം നടത്തി. SSG ചെയർമാൻ അലക്സ് മാത്യു കെ.പി മുഹമ്മദലി, ഫൈസ് ഹമദാനി എന്നിവർ ആശംസകളർപ്പിച്ചു. ജലശ്രീ ക്ലബ് കൺവീനർ ടി. ഷബീജ് സ്വാഗതവും കെ.പി. ജസീന ടീച്ചർ നന്ദിയും പറഞ്ഞു.
ഫോട്ടോ: ജൽ ജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിലെ ജലശ്രീ ക്ലബ് വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
