ജന്മികള്‍ക്കും കര്‍ഷക കുടിയാന്മാര്‍ക്കും എതിരെ 1946 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി എസ്. അനാഥത്വം കൂട്ടായ ബാല്യം മുതല്‍ വി എസിന് ജീവിതം എന്നാല്‍ സമരമായിരുന്നു. തനിക്ക് മുന്നില്‍ നീതി ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കെല്ലാം വി എസ് കൈത്താങ്ങായി.
പുന്നപ്ര – വയലാര്‍ സമരം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള, ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരവുമെല്ലാം വി എസിന്‍റെ ജീവിതത്തിലെ ചില ഏടുകളാണ്. രാഷ്ട്രീയത്തിനുമപ്പുറം ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ കഴിഞ്ഞതുതന്നെ വി എസിന്‍റെ പോരാട്ട വിജയങ്ങള്‍ക്ക് ഉദാഹരണമാണ്.
ദിവാന്‍ ഭരണത്തിനെതിരെ പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളിവര്‍ഗ്ഗ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച കരുത്തായിരുന്നു സഖാവ് വിഎസ്. അന്ന് സമരപോരാളികള്‍ക്ക് നേരിടേണ്ടി വന്നത് പൊലീസിന്റെ ലാത്തിക്ക് മുകളില്‍ പട്ടാളത്തിന്റെ നിറ തോക്കുകളെ ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിഎസ്, കേരള രാഷ്ട്രീയത്തിന് കരുത്തിന്റെ നിറം പകര്‍ന്നു നല്‍കി.
ഭീഷണികള്‍ക്കും അധികാര ദുഷ്പ്രഭുത്വത്തിന് മുന്നിലും അടിപതറാതെ സ്വയം തെളിച്ച വഴിയിലൂടെ ചെങ്കൊടിയേന്തി മുഖ്യമന്ത്രി പദത്തിലെത്തിയ വിഎസ്സിന്റെ കൈകളില്‍ അഴിമതിയുടെ കറകള്‍ ഏറ്റിരുന്നില്ല. വി എസില്ലാത്ത ഇടതുപക്ഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പുതുതലമുറയ്ക്ക് ഇന്ന് കഴിയില്ല എന്നതുതന്നെയാണ് നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും അദ്ദേഹം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സംഭാവന.
