മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി കടത്തിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട എസ് ഐ നൗഷാദിനെ അറസ്റ്റ് ചെയ്തു.
എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ കൃത്യമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകുകയും, അതിനു ശേഷം ജില്ലാ സെഷൻസ് കോടതി പ്രതിയോട് ബോണ്ട് സമർപ്പിക്കാനും
അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാവാനും ആവശ്യപ്പെടുകയായിരുന്നു, അതു പ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി 50,000 രൂപയുടെ ബോണ്ടും, രണ്ടാൾ ജാമ്യത്തിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന കേസിലെ ഒന്നാം പ്രതി ബഷീറിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി മുൻകൂർ ജാമ്യം നേടിയതിനാൽ വിട്ടയച്ചു.
സ്റ്റേഷനിൽ തൊണ്ടി മുതലായി സൂക്ഷിച്ച മണ്ണുമാന്തി യന്ത്രം ആയിരുന്നു കടത്തിയത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐഐയെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും, എസ് ഐയെ കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു.
തോട്ടുമുക്കം സ്വദേശിയായ സുധീഷ് (30) മരിക്കാനിടയായ മണ്ണ് മാന്തി യന്ത്രമായിരുന്നു കടത്തിയത്. മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുധീഷിന്റെ മരണത്തിന് പിന്നാലെ മണ്ണുമാന്തി യന്ത്രം പോലീസ് കസ്റ്റഡിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു. പോലീസ് സ്‌റ്റേഷന്റെ പിൻഭാഗത്ത് ആണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും വാഹനം കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഈ മണ്ണുമാന്തി യന്ത്രത്തിന് നമ്പർ പ്ലേറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം കടത്തിയത്. ഇതിന് പകരം ഇൻഷൂറൻസ് ഉൾപ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിടുകയായിരുന്നു, ഇതിനെല്ലാം എസ് ഐ യുടെ സഹായമുണ്ടെന്നാണ് കണ്ടെത്തൽ
കഴിഞ്ഞ നവമ്പർ 4 നാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവ് ഇറക്കിയത്