Trending

JCB കടത്തിയ സംഭവം; എസ് ഐയെ അറസ്റ്റു ചെയ്തു.




മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി കടത്തിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട എസ് ഐ നൗഷാദിനെ അറസ്റ്റ് ചെയ്തു.


 

സ്റ്റേഷനിൽ  തൊണ്ടി മുതലായി സൂക്ഷിച്ച മണ്ണുമാന്തി യന്ത്രം ആയിരുന്നു  കടത്തിയത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐഐയെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു.


സംഭവം വിവാദമായതിന് പിന്നാലെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും, എസ് ഐയെ കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു. 

തോട്ടുമുക്കം സ്വദേശിയായ സുധീഷ് (30) മരിക്കാനിടയായ മണ്ണ് മാന്തി യന്ത്രമായിരുന്നു കടത്തിയത്. മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുധീഷിന്റെ മരണത്തിന് പിന്നാലെ മണ്ണുമാന്തി യന്ത്രം പോലീസ് കസ്റ്റഡിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു. പോലീസ് സ്‌റ്റേഷന്റെ പിൻഭാഗത്ത് ആണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും വാഹനം കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഈ മണ്ണുമാന്തി യന്ത്രത്തിന് നമ്പർ പ്ലേറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം കടത്തിയത്. ഇതിന് പകരം ഇൻഷൂറൻസ് ഉൾപ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിടുകയായിരുന്നു, ഇതിനെല്ലാം എസ് ഐ യുടെ സഹായമുണ്ടെന്നാണ് കണ്ടെത്തൽ.


നൗഷാദും പ്രതികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.


അറസ്റ്റു ചെയ്ത നൗഷാദിനെ കോടതി പിന്നീട് ജാമ്യത്തിൽ വിട്ടു.




Post a Comment

Previous Post Next Post