താമരശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന തീർത്ഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് നാളെ (വ്യാഴം) രാവിലെ 8 മണി മുതൽ താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയിൽ നടക്കും. ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് താമരശ്ശേരിയിലെ പ്രത്യേക ക്യാമ്പിൽ വച്ച് വാക്സിൻ നൽകും. 1200ഓളം പേർക്കാണ് താമരശ്ശേരിയിൽ വെച്ച് വാക്സിൻ നൽകുക.
രാവിലെ എട്ടു മണിക്ക് വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരിക്കും. വാക്സിനേഷൻ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ പറഞ്ഞു.
വാക്സിനേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, വൈസ് പ്രസിഡണ്ട് എം.കെ സൗദാബീവി , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഫെന്നി കെ.പി, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ഹജ്ജ് കോർഡിനേറ്റർ സെയ്തലവി കാരാടി, ഡോ. എ. അബ്ബാസ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ കൗസർ സ്വാഗതം പറഞ്ഞു.
.
