ഷിരൂര്‍ മണ്ണിടിച്ചിലില്‍ പെട്ട അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ കരയിലും പുഴയിലുമായാണ് ഇന്നത്തെ തിരച്ചില്‍ നടക്കുക. സൈന്യത്തിന്‍റെ ശക്തിയേറിയ റഡാര്‍ ഇന്നത്തെ തിരച്ചിലില്‍ ഉപയോഗിക്കുന്നുണ്ട്. ഗംഗാവാലി പുഴയിലെ മണല്‍കൂന നീക്കി പരിശോധിക്കാനാണ് തീരുമാനം. അതേസമയം അര്‍ജുനെ തിരഞ്ഞ് കണ്ടെത്തുന്നതിനായി കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ആവശ്യമെങ്കില്‍ വിഷയം പാര്‍ലമെന്‍റിലും ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് അര്‍ജുന്‍റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണിനടിയിൽ തന്നെ വാഹനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അര്‍ജുനെ കണ്ടെത്താതെ അവിടെയുള്ള ബന്ധുക്കള്‍ തിരികെ വരില്ലെന്നും സഹോദരി അഞ്ജു പറഞ്ഞു. അര്‍ജുനെ തിരയുന്നതിനായി മുക്കത്ത് നിന്നും 30 അംഗ റെസ്ക്യൂ ടീമും ഷിരൂരിലേക്ക് തിരിച്ചു.
