തിരുവമ്പാടി:ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ച പ്രതിയുടെ വീട്ടിൽ കട്ട് ചെയ്ത വൈദ്യുതി കണക്ഷൻ ഇന്ന് പുനഃസ്ഥാപിക്കും.
മുന്നാട്ട് പ്രശ്നങ്ങൾ ഉണ്ടാക്കില്ലയെന്ന് വാക്കാൽ തഹസിൽദാർക്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നടപടി.
കളക്ടറുടെ നിർദേശപ്രകാരം താമരശേരി തഹസിൽദാർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായും പ്രതി അജ്മലിന്റെ പിതാവ് റസാഖുമായി ചർച്ച നടത്തി. സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കണമെന്ന് കുടുംബത്തോട് തഹസിൽദാർ ആവശ്യപ്പെട്ടെങ്കിലും അവർ ഇതിനു തയാറായില്ല.
സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാഖും കുടുംബവും തയാറാകാതെ വന്നതോടെ ചർച്ച വഴിമുട്ടി. തുടർന്ന് വാക്കാൽ ഉറപ്പു നൽകാൻ തയ്യാറായതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ കളക്ടർ നിർദേശം നൽകുകയായിരുന്നു.
മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായിരുന്നു സത്യവാങ്മൂലം. ഈ സത്യവാങ്മൂലത്തിൽ തങ്ങൾ ഒപ്പിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റസാഖിന്റെ കുടുംബം.
ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കാൻ മന്ത്രി കൃഷ്ണൻകുട്ടി കെഎസ്ഇബിക്കു നിർദേശം നൽകിയിരുന്നു
