Trending

യുപിഐ ഇടപാട് പണിയായി; പച്ചക്കറി വ്യാപാരിക്ക് 29 ലക്ഷത്തിന്റെ ജിഎസ്ടി നോട്ടീസ്





പച്ചക്കറി വ്യാപാരിക്ക് 29 ലക്ഷത്തിന്‍റെ ജിഎസ്ടി നോട്ടീസ്. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള പച്ചക്കറി വ്യാപാരിക്കാണ് 29 ലക്ഷം നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷമായി മുനിസിപ്പല്‍ ഹൈസ്ക്കൂള്‍ ഗ്രൗണ്ടിന് സമീപം ചെറിയ കട നടത്തുന്ന ശങ്കർഗൗഡ ഹാദിമാനിക്കാണ് നോട്ടീസ് ലഭിച്ചത്. ഇയാള്‍ ജിഎസ്ടി വ്യാപാരി അല്ലെന്നാണ് വിവരം. 

യുപിഐ വഴിയാണ് ശങ്കർഗൗഡ പേയ്മെന്‍റുകള്‍ കൂടുതലായും സ്വീകരിച്ചത്. നാല് വർഷത്തിനിടെയുള്ള ശങ്കര്‍ഗൗഡയുടെ ഡിജിറ്റൽ ഇടപാടുകൾ 1.63 കോടി രൂപയാണ്. ഇതാണ് ജിഎസ്ടി ഡിമാൻഡിന് കാരണമായത്. 'കഴിഞ്ഞ നാല് വർഷത്തിനിടെ 1.63 കോടി രൂപയുടെ ഇടപാടുകൾ നടത്തിയെന്നും ഇതിനായി 29 ലക്ഷം രൂപ ജിഎസ്ടി നൽകണം' എന്നാണ് ജിഎസ്ടി നോട്ടീസിലുള്ളത്.  

നോട്ടീസ് ലഭിച്ചതോടെ യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് ശങ്കര്‍ഗൗഡ പറഞ്ഞു. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് കടയില്‍ വില്‍ക്കുന്നതാണ് ശങ്കര്‍ഗൗഡയുടെ രീതി. വർഷവും ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നുണ്ടെന്നും ശങ്കര്‍ഗൗഡ പറഞ്ഞു. ജിഎസ്‌ടി ഉദ്യോഗസ്ഥർ 29 ലക്ഷം രൂപ നികുതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ തുക എങ്ങനെ നൽകാനാകുമെന്നും അദ്ദേഹം ചോദിച്ചു. 

നേരത്തെ തുടര്‍ച്ചയായ ജിഎസ്ടി നോട്ടീസുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഒരു വിഭാഗം ചെറുകിട കച്ചവടക്കാര്‍ യുപിഐ ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു. വാര്‍ഷിക യുപിഐ വിറ്റുവരവ് 40 ലക്ഷം രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കാന്‍ വാണിജ്യ നികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ക്ക് നോട്ടീസ് ലഭിച്ചു തുടങ്ങിയത്. 

Post a Comment

Previous Post Next Post