Trending

കേരള സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐയ്ക്ക് പൂര്‍ണ പിന്തുണ: പ്രവര്‍ത്തകരെ കണ്ട് എംവി ഗോവിന്ദന്‍





തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ എംവി ഗോവിന്ദന്‍ സര്‍വകലാശാലയിലെത്തി കണ്ടു. വിദ്യാര്‍ത്ഥികളുമായി സംസാരിച്ചാണ് മടങ്ങിയത്. വൈസ് ചാന്‍സലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'എസ് എഫ് ഐ സമരം തുടരും. ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലറുള്‍പ്പെടെ എല്ലാവര്‍ക്കും സാധിക്കണം. എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാലും ആര്‍എസ്എസിന്റെ തീട്ടൂരമനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാലും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിന് വഴങ്ങിക്കൊടുക്കില്ല'- എംവി ഗോവിന്ദന്‍ പറഞ്ഞു


'കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുളള പോരാട്ടമാണ് എസ് എഫ് ഐ ഏറ്റെടുത്തിരിക്കുന്നതെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. 'കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായി തമസ്‌കരിച്ച മുന്നണിയാണ് സംഘപരിവാറിന്റെ രാഷ്ട്രീയമുന്നണി. അവര്‍ക്ക് പിന്‍ബലമുണ്ടാക്കാനാണ് സംഘികളായ ഗവര്‍ണര്‍മാരെ കേരളത്തില്‍ കൊണ്ടിരിത്തുന്നത്. കേരളത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആര്‍എസ്എസ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ്
നശിപ്പിക്കുന്നത്? സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തില്‍ എവിടെയും ഇല്ലാത്ത ആര്‍എസ്എസ് ഇന്ന് രാജ്യമുണ്ടാക്കിയ എല്ലാ നല്ലതും ഇല്ലാതാക്കാന്‍

ശ്രമിക്കുകയാണ്. 5 സംഘപരിവാറുകാരായ വിസിമാര്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ഇരുന്ന് തോന്ന്യാസം കാണിക്കുകയാണ്. താല്‍ക്കാലിക വിസിക്ക് പകരം താല്‍ക്കാലികക്കാരിയായ വിസിയെ കൊടുത്തിരിക്കുകയാണ്. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുകയാണ്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സമയമില്ല. ഇങ്ങനെ പോകാമെന്നാണ് വിസിയും അദ്ദേഹം വിസിയുടെ രാജാവെന്ന് വിസി കരുതുന്ന ഗവര്‍ണറും വിചാരിക്കുന്നതെങ്കില്‍ ഇത് കേരളമാണെന്ന് എസ് എഫ് ഐ പറയുകയാണ്. സമരം ശക്തമായി കൊണ്ടുപോകും. ഇത് എസ് എഫ് ഐ vs ഗവര്‍ണര്‍ സമരമാണ്'- ശിവപ്രസാദ് പറഞ്ഞു. ജൂലൈ പത്തിന് യൂണിവേഴ്‌സിറ്റിയിലേക്കും രാജ്ഭവനിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post