പാദപൂജ വിവാദത്തിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ. തിരുവനന്തപുരം സംസ്കൃത കോളജ് കാമ്പസിലാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ ബാനർ സ്ഥാപിച്ചത്. “പാദപൂജ ചെയ്തു നേടിയതല്ല വിദ്യാഭ്യാസം, പാടത്ത് പണിമുടക്ക് നടത്തി നേടിയതാണ് വിദ്യാഭ്യാസം” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. “ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ” എന്നും ബാനറിൽ എഴുതിയിട്ടുണ്ട്.
സ്‌കൂളുകളിലെ ‘പാദപൂജ’യെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തുവന്നിരുന്നു. ഗുരു പൂജയെ വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നായിരുന്നു രാജേന്ദ്ര അര്‍ലേക്കറുടെ പ്രതികരണം.
അതേസമയം പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അംഗീകരിക്കാവുന്ന തരത്തിലാവും മാറ്റം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ പഠന ശേഷമാകും തീരുമാനം. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആലോചന.