Trending

കോഴിക്കോട് മെഡി.കോളജ് അത്യാഹിതവിഭാഗം നാളെ തുറക്കും; വാര്‍ഡുകള്‍ സജ്ജമാകുന്നത് 27ന്

തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ  കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം നാളെ തുറക്കും .എന്നാല്‍ വാര്‍ഡുകള്‍ സജ്ജമാകാന്‍ 27 വരെ കാക്കേണ്ടി വരും. ഇക്കഴിഞ്ഞ മേയില്‍ രണ്ട് തവണ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം അടച്ചിട്ടത്. 

മെയ് രണ്ടിനാണ് പിഎംഎസ്എസ്‌വെ ബ്ലോക്കിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി അത്യാഹിതവിഭാഗത്തില്‍ ആദ്യ തീപ്പിടിത്തമുണ്ടായത്. ‍തുടര്‍ന്ന് താല്‍കാലികമായി അത്യാഹിതവിഭാഗം അടച്ചു. തൊട്ടുപിന്നാലെ അഞ്ചാം തിയതി അടുത്ത തീപിടുത്തമുണ്ടായി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് അത്യാഹിതവിഭാഗം പുനരാംരഭിക്കാന്‍ തീരുമാനമായത്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടേറ്റ് നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് അഗ്നിരക്ഷാസേന കെട്ടിടത്തിന് എന്‍ഒസി നല്‍കിയത്.

രണ്ടുംമൂന്നും നിലകളിലുള്ള സൂപ്പര്‍ സെപ്ഷ്യാലിറ്റി സര്‍ജിക്കല്‍ വാര്‍ഡുകള്‍ 27 ഓടെ പ്രവര്‍ത്തനം സജ്ജമാകും.  കാര്‍ഡിയോ തൊറാസിക് സര്‍ജറിയുടെ അത്യാധുനിക ഉപകരണവും കത്തിനശിച്ചിരുന്നു. ഇത് ഗ്രീസില്‍ നിന്ന് അടുത്ത ആഴ്ചയോടെ എത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഇതിനുശേഷമേ നാലാംനില പ്രവര്‍ത്തനസജ്ജമാകൂ. 

Post a Comment

Previous Post Next Post