താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മത്സ്യ മാർക്കറ്റ് ഉടമയായ ഷബീറും സുഹൃത്തായ ലത്തീഫും തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരു സംഘം ആളുകൾ എത്തി ഇന്നലെ വൈകീട്ട് 5.30 ഓടെ മാർക്കറ്റിലേക്കുള്ള വഴി ഹിറ്റാച്ചി ഉപയോഗിച്ച് കുഴി എടുത്ത് തടസ്സപ്പെടുത്തിയിരുന്നു.
കുഴി എടുക്കലിന് നേതൃത്യം നൽകിയത് നാട്ടിലെ അറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരായിരുന്നു. താമരശ്ശേരി സ്വദേശികൾക്ക് പുറമെ മറ്റിടങ്ങളിൽ നിന്നും എത്തിയവരും സംഘത്തിൽ ഉണ്ടായിരുന്നതായി മത്സ്യ മാർക്കറ്റിലെ തൊഴിലാളികൾ പറഞ്ഞു.
റോഡിൽ കുഴി എടുത്ത ശേഷം പിരിഞ്ഞു പോയ സംഘം രാത്രി 9 മണിയോടെ വീണ്ടും മാർക്കറ്റ് പരിസരത്ത് ഒത്തുചേർന്നു.സമീപത്തു നിന്നും ലഹരി ഉപയോഗിച്ചവരിൽ രണ്ടു പേർ മാർക്കറ്റിന് അകത്ത് കയറി, ഇവിടെ പരിഭ്രാന്തി സൃഷ്ടിച്ച രണ്ടുപേരെ തൊഴിലാളികൾ ചോദ്യം ചെയ്തപ്പോൾ അവർക്കു നേരെ ആക്രാശിക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്തു, ഈ അവസരത്തിൽ തെഴിലാളികളിൽ ഒരാളായ നവാസ് എന്നയാൾ തന്നെ രക്ഷപ്പെടുത്തണം എന്നാവശ്യപ്പെട്ട് താമരശ്ശേരി സിഐയെ ഫോണിൽ വിളിച്ചു, അതേസമയം തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചു.ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പരിഭ്രാന്തി സൃഷ്ടിച്ച ഇരുവരെയും പിടികൂടുകയായിരുന്നു, പിടികൂടുന്ന അവസരത്തിൽ പോലീസിനോട് തട്ടിക്കയറിയതായി നാട്ടുകാർ പറയുന്നു.
കണ്ണൂർ സ്വദേശിയായ ദിജിൽ ഡേവിഡ് (39), മെക്കാവ് സ്വദേശിയായ ആൽബി ബേബി (30) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്, ദിജിൽ ഡേവിഡിൻ്റെ ദേഹത്ത് കത്തി കൊണ്ട് മുറിവേറ്റ പാടുണ്ടായിരുന്നു.ക്വട്ടേഷൻ സംഘഅങ്ങൾ തമ്മിലുണ്ടായ തർക്കത്തിലാണ് മുറിവേറ്റത് എന്ന് നാട്ടുകാർ പറഞ്ഞു.ഇവർ രണ്ടു പേരും സ്ഥലത്തെത്തിയത് ഒരു ഗുഡ്സ് ഓട്ടോയിലായിരുന്നു, ഓട്ടോ പിന്നീട് മറ്റൊരാൾ സ്ഥലത്തു നിന്നും കൊണ്ടുപോയതായും, ഓട്ടോയിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ഷർട്ടുപോലും ഇടാതെ മാർക്കറ്റിലും,റോഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, പോലീസ് പിന്തുടർന്ന് പിടികൂടിയ ശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴാണ് പരിശോധക്ക് തയ്യാറാവാതെ പോലീസിനു നേരെ തിരഞ്ഞത്.ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. ഇടക്ക് ആശുപത്രിയിൽ നിന്നും ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം ഏറെ പണിപ്പെട്ടാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്.
എന്നാൽ പിടികൂടിയവർക്കെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നതിന് 118 ( a ) വകുപ്പ് പ്രകാരം മാത്രമാണ് കേസെടുത്തത്.