Trending

ഇന്ത്യൻ വിദ്യാർഥിനി അബദ്ധത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കാനഡയിൽ യുവാവ് അറസ്റ്റിൽ




ടൊറന്റോ: ഇന്ത്യൻ വിദ്യാർഥിനി അബദ്ധത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കാനഡയിൽ യുവാവ് അറസ്റ്റിലായി. 21-കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ഹർസിമ്രത് രൺധാവയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജെർഡെയ്ൻ ഫോസ്റ്റർ എന്ന 32-കാരനെയാണ് ഒന്റാരിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്തു നിന്ന് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലപാതകത്തിന് ഉൾപ്പെടെ കേസെടുത്തു.

മോഹോക്ക് കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായിരുന്ന ഹർസിമ്രതിനെ ഏപ്രിൽ 17-നാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. അപ്പർ ജെയിംസ് സ്ട്രീറ്റിലെ സൗത്ത് ബെൻഡ് റോഡിൽ ബസ് സ്റ്റോപ്പിന് സമീപം നിൽക്കുകയായിരുന്ന ഹർസിമ്രതിൻ്റെ ശരീരത്തിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹർസിമ്രത്തിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


പൊലീസ് പറയുന്നതനുസരിച്ച്, നാല് കാറുകളിലായി എത്തിയ ഏഴ് പേർ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. സംഘങ്ങൾ തമ്മിൽ പരസ്പരം നടത്തിയ വെടിവെപ്പിൽ ഹർസിമ്രതിന് വെടിയേൽക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഹർസിമ്രത് ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്ന് ആക്ടിംഗ് ഡിറ്റക്റ്റീവ്-സെർജന്റ് ഡാരിൽ റീഡ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായിട്ടില്ല.

ഹാമിൽട്ടൺ, ഹാൽട്ടൺ, നയാഗ്ര മേഖലകളുമായി ബന്ധമുള്ള പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, ഇയാൾ വാടകവീടുകളിൽ മാറിമാറി താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post