Trending

കണ്ടാലും, കൊണ്ടാലും പഠിക്കില്ല,ഷെയർ ട്രേഡിങ് ആപ്പ് വഴി 25 കോടി തട്ടി; രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ്.

രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പിനിരയായി കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമ. ഷെയർ ട്രേഡിങ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ 25 കോടി രൂപയാണ് ഉടമയ്ക്ക് നഷ്ടപ്പെട്ടത്. ഉടമയുടെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയാണ് വൻ തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഡാനിയൽ എന്ന് പരിചയപ്പെടുത്തിയ ആൾ 2023 മാർച്ചിലാണ് പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീട് ആശയവിനിമയം ടെലഗ്രാമിലേക്ക് മാറ്റി. Capitalix bot എന്ന ടെലഗ്രാം അക്കൗണ്ട് വഴിയായിരുന്നു ചാറ്റിങ്. പിന്നാലെ www.capitalix.com എന്ന ട്രേഡിംഗ് വെബ്സൈറ്റ് പരിചയപ്പെടുത്തി. 

ഇത് വഴിയാണ് കോടികൾ നിക്ഷേപിച്ചത്. കഴിഞ്ഞമാസം 29 ആം തീയതി വരെ പലതവണകളായി നിക്ഷേപിച്ചത് 24 കോടി 76 ലക്ഷം രൂപ. ഓരോ തവണയും വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. ഈ രണ്ടു വർഷത്തിനിടെ 25 കോടിയോളം രൂപ നിക്ഷേപിച്ച പരാതിക്കാരൻ ലഭിച്ചത് ഒന്നരക്കോടി രൂപ മാത്രം. പറഞ്ഞ ലാഭം ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. 

രണ്ടുവർഷത്തിനിടെ ഒരിക്കൽ പോലും സംശയം തോന്നാത്ത രീതിയിലായിരുന്നു തട്ടിപ്പുകാരുടെ ഇടപാടുകൾ. തട്ടിപ്പ് ബോധ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ സൈബർ പോലീസിനെ സമീപിച്ചത്. സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നാഴികയ്ക്ക് 40 വട്ടം എന്ന നിലയിൽ സർക്കാർ ഏജൻസികൾ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പുകൾ തുടർക്കഥകളാകുന്നത്.


Post a Comment

Previous Post Next Post