ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ഏറെകാലമായുള്ള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് നിലപാടുമായി മുന്നോട്ട് വന്നത്. സുരേഷ് ഗോപിയുടെ ഏകപക്ഷീയമായി നിലപാടില്‍ ബിജെപിയില്‍ തന്നെ എതിര്‍ അഭിപ്രായമാണ് ഉയര്‍ന്നത്. സുരേഷ് ഗോപിയുടെ നിലപാടിനെ സംസ്ഥാന ബിജെപി നേതൃത്വം പരസ്യമായി തന്നെ ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ സുരേഷ് ഗോപി പറയുന്നത് വ്യക്തിപരമായ അഭിപ്രായമെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് വി മുരളീധരന്‍ ഇന്നലെ പ്രതികരിച്ചത്. എയിംസ് സ്ഥാപിക്കേണ്ടത് ആലപ്പുഴയില്‍ തന്നെയെന്ന് കടുംപിടുത്തം തുടരുന്നതിന്‍റെ കാരണം സുരേഷ് ഗോപി തന്നെ വിശീദകരിക്കണമെന്നാണ് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എയിംസ് വിഷയത്തില്‍ ബിജെപിയില്‍ തമ്മിലടി നടക്കുന്നതായി എം വി ഗോവിന്ദന്‍ പ്രതികരിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.