മലയാളി വിദ്യാര്‍ഥികളെ ലഹരി കേസുകളില്‍പെടുത്തി പണം തട്ടാന്‍ ബെംഗളുരുവില്‍ വന്‍ മാഫിയ. വിദ്യാര്‍ഥികളുടെ താമസസ്ഥലങ്ങളില്‍ ലഹരിയെത്തിച്ച ശേഷം പൊലീസിനെ അറിയിച്ച് റെയ്ഡ് നടത്തിച്ചാണ് തട്ടിപ്പ്. കേസുകളില്‍ നിന്നൊഴിവാക്കാന്‍ മധ്യസ്ഥരായെത്തുന്ന സംഘം അടിച്ചെടുക്കുന്നത് ലക്ഷങ്ങള്‍.
സപ്തഗിരി, ആര്‍.ആര്‍. ആചാര്യ കോളേജുകള്‍ക്കിടിയിലെ സ്ഥലം കേന്ദ്രീകരിച്ചാണു സംഘത്തിന്റെ പ്രവര്‍ത്തനം. സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സംഘാംഗങ്ങള്‍ സൗഹൃദത്തിലാകും. അടിക്കടി താമസസ്ഥലത്തെത്തി ബന്ധം സുദൃഢമാക്കും. തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും. ലഹരിക്കെണി തയാറായാല്‍ പൊലീസിനെ അറിയിക്കും. പൊലീസ് റെയ്ഡ് നടത്തും. പിടിയിലായ കുട്ടികളെ കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാര്‍ രംഗത്തെത്തുന്നതാണ് അടുത്തഘട്ടം. ലഹരിസംഘത്തില്‍പെട്ടവര്‍ തന്നെയാണ് ഈ ഇടനിലക്കാരും.
ലക്ഷങ്ങള്‍ വിലപേശി വാങ്ങി കേസില്ലാതെ കുട്ടികളെ ഇറക്കികൊടുക്കുന്നതാണു രീതി. അടുത്തിടെ മഹാലക്ഷ്മി നഗര്‍ പൊലീസെന്നവകാശപ്പെട്ടെത്തിയ സംഘത്തിന്‍റെ വലയില്‍പെട്ട മലപ്പുറത്തെ വിദ്യാര്‍ഥിയുടെ രക്ഷിതാവിന് നല്‍കേണ്ടിവന്നത് ലക്ഷം.
കേസില്‍പെട്ടവരില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ചുരുങ്ങിയത് 5 ലക്ഷമാണ് ഇടനിലക്കാര്‍ക്ക് നല്‍കേണ്ടത്. കേസുകള്‍ പെട്ടാല്‍ ജോലി കിട്ടില്ല, വിവാഹം മുടങ്ങും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണു സമ്മര്‍ദ്ദം. മലയാളികള്‍ ഉള്‍പെട്ട ലഹരി സംഘവും പൊലീസും ചേര്‍ന്നാണു തട്ടിപ്പെന്ന് പൊതുപ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു.