കോഴിക്കോട്: താമരശ്ശേരി പഞ്ചായത്തിലെ മുസ്‌ലിം ലീഗില്‍ ഉടലെടുത്ത വിഭാഗീയതയും പ്രതിസന്ധിയും രൂക്ഷമായതോടെ പഞ്ചായത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിശ്ചലമായത് നേതൃത്വത്തിന് തലവേദനയാവുന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടായിരുന്ന ഹാഫിസ് റഹ്‌മാനും സെക്രട്ടറി സുല്‍ഫീക്കറിനും എതിരെ ഉയര്‍ന്ന ആരോപണത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടിക്ക് തലവേദനയായിരിക്കുന്നത്. എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണങ്ങൾ പഞ്ചായത്ത് നേതൃത്വത്തിനെതിരെ ഉയര്‍ന്നു വന്നത്. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റിയെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും താല്‍ക്കാലിക കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആരോപണ വിധേയരായ പഞ്ചായത്ത് ഭാരവാഹികളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള കമ്മിറ്റിയെയായിരുന്നു രണ്ടാമത് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്.
നേരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതിന് വേണ്ടി പാര്‍ട്ടിയിലെ ഏതാനും ചില നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണമാണ് പാർട്ടി പഞ്ചായത്ത് നേതൃത്വത്തിനെതിരെ ഉയർന്നത് എന്നാണ് പാർട്ടിയിലെ പ്രബല വിഭാഗം പറയുന്നത്. ഈ ആരോപണത്തിന് പിറകിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം എന്നുമാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്. ഏതാനും ചില നിയോജകമണ്ഡലം ഭാരവാഹികൾക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നാണ് ഔദ്യോഗിക വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്. സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാമിനെ കൂട്ടുപിടിച്ചാണ് ചില നിയോജകമണ്ഡലം ഭാരവാഹികൾ ഒരു വിഭാഗത്തെ ഒതുക്കാനുള്ള നീക്കം നടത്തുന്നത്.
പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകിയ മണ്ഡലം നേതാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യം മുഖവിലക്കെടുക്കാതെ മുന്നോട്ട് പോകുന്ന നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡ് മുസ്ലിം ലീഗ് കമ്മിറ്റികളും പ്രവർത്തനരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ഇതാണ് നേതൃത്വത്തിന് തലവേദന ആയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ മുസ്ലിം ലീഗ് പാർട്ടിക്ക് ശക്തിയുള്ള താമരശ്ശേരിയിൽ പാർട്ടി പ്രവർത്തനം നിശ്ചലമായത് മുതലാക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി.
താമരശ്ശേരി സ്വദേശിയായ മുൻ എംഎൽഎയും നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ വി എം ഉമ്മർ മാസ്റ്ററും, മണ്ഡലം സെക്രട്ടറി കെ കെ എ കാദറും ആണ് വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
താമരശ്ശേരി പഞ്ചായത്തിൽ നിലവിലുള്ള താൽക്കാലിക കമ്മിറ്റിയെ മാറ്റി ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ഉൾപ്പെടുത്തി മറ്റൊരു കമ്മിറ്റി രൂപീകരിച്ച് പ്രഖ്യാപിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം നടത്തിവരുന്നത്. ഇതിന് സംസ്ഥാന സെക്രട്ടറി പി എം എ സലാം ആണ് നേതൃത്വം നൽകി വരുന്നത്. പി എം എ സലാം ഇക്കാര്യത്തിൽ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന ആക്ഷേപം നിലനിൽക്കുകയാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ നോക്കുകുത്തിയാക്കി വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പ്രവർത്തകരെ കൂടി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്ന് ഏകപക്ഷീയമായി കമ്മറ്റിയെ പ്രഖ്യാപിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന നിലപാട് ഔദ്യോഗിക വിഭാഗം സ്വീകരിച്ചതോടെയാണ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിൽ ആയത്. 19 വാർഡുകൾ ഉണ്ടായിരുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിന് 10 അംഗങ്ങളുണ്ട്.
ഇരു വിഭാഗങ്ങളിലുമുള്ള നേതാക്കളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഓഫീസിൽ പി എം എ സലാം വിളിച്ചു ചേർത്ത യോഗം തീരുമാനമെടുക്കാൻ സാധിക്കാതെ പിരിയുകയായിരുന്നു. നിയോജകമണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ വാക്കുകേട്ട് പി എം എ സലാം ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ആ യോഗത്തിൽ നിന്ന് ഔദ്യോഗിക വിഭാഗം നേതാക്കൾ ഇറങ്ങി പോവുകയായിരുന്നു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയിലെ ഭാരവാഹികളുമായി പോലും കൂടിയാലോചിക്കാതെ നിയോജകമണ്ഡലം പ്രസിഡണ്ടും, സെക്രട്ടറിയും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നതാണ് വിവിധ പഞ്ചായത്ത് കമ്മിറ്റികൾ ഉന്നയിക്കുന്ന മറ്റൊരു ആരോപണം.
പ്രസിഡണ്ടിനും, സെക്രട്ടറിക്കും ഇഷ്ടമുള്ളവരെ പാർട്ടിയിലെ വിവിധ സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനം മാത്രമാണ് കൊടുവള്ളിയിൽ നടക്കുന്നത് എന്നാണ് നിയോജകമണ്ഡലം ഭാരവാഹികൾ പോലും പറയുന്നത്.
ഈ രീതിയിലാണ് പാർട്ടി പ്രവർത്തനം മുന്നോട്ടു പോകുന്നതെങ്കിൽ വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പാർട്ടി വൻ തിരിച്ചടി നേരിടുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. പാർട്ടിക്ക് ഇത്തരത്തിലുള്ള ഒരു തിരിച്ചടി നേരിടേണ്ടി വന്നാൽ നിയോജകമണ്ഡലം പ്രസിഡണ്ടും, സെക്രട്ടറിയും ആയിരിക്കും അതിനുത്തരവാദികൾ എന്നുമാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.
താമരശ്ശേരിയിൽ വിമത പ്രവർത്തനം നടത്തുന്ന പ്രാദേശിക നേതാക്കൾക്ക് നിയോജകമണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും ഒത്താശ ചെയ്തുവരികയാണെ ന്നും, വിഭാഗീയ പ്രവർത്തനങ്ങൾക്ക് മണ്ഡലം നേതാക്കൾ തന്നെയാണ് നേതൃത്വം നൽകി വരുന്നതെന്നുമുള്ള ശക്തമായ ആരോപണം നിലനിൽക്കുകയാണ്.
