കോഴിക്കോട്: പേരാമ്പ്രയില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം. വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അധിക്ഷേപിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പൊലീസിനെതിരെ സംഘടിച്ച പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തിരിഞ്ഞത്. ഇന്നലെ പേരാമ്പ്രയില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പ്രതിഷേധത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്.
ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം ഏഴോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.
ഷാഫിയുടെ മൂക്കിന് സാരമായ പരിക്കേറ്റെന്നാണ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ഷാഫിക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മര്‍ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞു.