തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നിൽക്കുന്ന 1600 രൂപയും (അവസാന ഗഡു) നവംബർ മാസം മുതല്‍ വർധിപ്പിച്ച 2000 രൂപയും ചേർന്നാണ് ഈ തുക. ഇതോടുകൂടി പെൻഷൻ കുടിശ്ശിക പൂർണമായും തീർക്കപ്പെടും.
അനുവദിച്ചത് 1864 കോടി രൂപ
ഈ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബർ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു. ആകെ 63,77,935 പേർക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഓരോ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാര്‍ പരിശ്രമിക്കുന്നുണ്ട്. പെൻഷൻ തുക മാസം 400 രൂപ വർധിച്ചതോടെ ഒരു മാസത്തെ ക്ഷേമ പെൻഷന് നേരത്തെ വേണ്ടിയിരുന്ന 900 കോടിയോളം രൂപയ്ക്ക് പകരം ഇപ്പോൾ 1050 കോടി രൂപയോളം ആവശ്യമുണ്ട്.
ഗുണഭോക്താക്കളിൽ ഏകദേശം പകുതി പേർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖാന്തരം വീട്ടുപടിക്കലും പെൻഷൻ എത്തിച്ചു നൽകും. ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണകാലയളവിൽ സർക്കാർ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനായി മാറ്റിവെച്ചത് 80,671 കോടി രൂപയാണ്
ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബറിൽ തന്നെ ആരംഭിക്കുമെന്ന് നേരത്തെ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.