Trending

മാങ്കൂട്ടത്തിൽ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന പുതിയ ശബ്ദരേഖ പുറത്ത്; കുഞ്ഞിനെ കൊല്ലുന്നത് എന്തിനെന്ന് യുവതി

തിരുവനന്തപുരം: ​ഗുരുതര ലൈം​ഗികചൂഷണ പരാതികൾ നേരിടുന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പുതിയ ശബ്ദരേഖ പുറത്ത്. പീഡനത്തിനിരയാക്കിയ യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന വാട്സാപ്പ് സന്ദേശമാണ് ന്യൂസ് മലയാളം ചാനൽ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, എന്തിനാണ് കുഞ്ഞിനെ കൊല്ലാൻ ആവശ്യപ്പെടുന്നതെന്നും കുട്ടി വേണമെന്ന് വാശിപിടിച്ചത് താൻ അല്ലല്ലോ എന്നും യുവതി രാഹുലിനോട് ചോദിക്കുന്നുണ്ട്. പക്ഷേ, ഇതിനൊന്നും രാഹുൽ മറുപടി പറയുന്നില്ല. ആശുപത്രിയിൽ പോയി ​ഗർഭഛിദ്രം നടത്താൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.


​ഗർഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് യുവതിക്ക് രാഹുൽ അയച്ച വാട്സാപ്പ് സന്ദേശവും പുറത്തുവന്നു. എന്നാൽ പിന്നീടാണ് ​രാഹുൽ കാലുമാറുന്നത്. ഗർഭഛിദ്രം നടത്തണമെന്ന് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടു. കുട്ടി വേണമെന്നുള്ളത് രാഹുലിന്‍റെ പ്ലാന്‍ ആയിട്ടും എന്തിനാണ് ഇപ്പോള്‍ മാറുന്നത് എന്തിനെന്ന് യുവതി ചോദിക്കുന്നുണ്ട്. ഇതിന് ഉത്തരം നല്‍കാതെ യുവതിയെ അസഭ്യംപറയുകയാണ് രാഹുല്‍ ചെയ്തത്.

രാഹുൽ യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും ശബ്ദരേഖ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ ഇതുവരെയായി പുറത്തുവന്ന ചാറ്റുകളെക്കുറിച്ചോ ശബ്ദരേഖകളെക്കുറിച്ചോ സംസാരിക്കാൻ രാഹുൽ തയ്യാറായിട്ടില്ല. കോൺ​ഗ്രസിലെ വനിതാ നേതാക്കളുൾപ്പെടെ പരാതിയുമായി വന്നതോടെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും എംഎൽഎയുമായി പാർടിക്ക് ഒരു ബന്ധവുമില്ലെന്നും കോൺ​ഗ്രസ് അറിയിച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോൺ​ഗ്രസ് പരിപാടികളിൽ‌ സജീവമാണ് രാഹുൽ.


നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും, 18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നുംകാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽവെച്ചാണ്.




Post a Comment

Previous Post Next Post