Trending

അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ അനുവദിക്കാനും പരോൾ നീട്ടി നൽകാനും തടവുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിനു ശേഷം നടപടിയെടുക്കുകയായിരുന്നു. ഇനി സർവ്വീസ് അവസാനിക്കാൻ 4 മാസം മാത്രം ബാക്കിനിൽക്കെയാണ് വിനോദ് കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. അന്വേഷണം അവസാനിക്കുന്നതുവരെ സസ്പെൻഷനിൽ തുടരും.

ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ നടപടി വൈകുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. ഇന്ന് രാവിലെയോട് കൂടി മുഖ്യമന്ത്രി ചെന്നൈയിൽ നിന്നെത്തി ഫയൽ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ജയിൽ ഡിഐജി വിനോദ്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. തുടര്‍ന്നാണ് കേസെടുത്തത്. കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്‍റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്‍സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Post a Comment

Previous Post Next Post