ഇന്ത്യയുടെ മണ്ണിൽ നിന്ന് ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേർഡ്-6' ഭ്രമണപഥത്തിലേക്ക്. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് രാവിലെ 8.55നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 'ബാഹുബലി' എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ എഎസ്‌ടി സ്‌പേയ്‌സ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹമാണ് വിക്ഷേപിച്ചത്.
ഏകദേശം 6100 കിലോഗ്രാം (6.1 ടൺ) ഭാരമുള്ള ബ്ലൂബേർഡ്-6, ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണ്. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ള എൽവിഎം 3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണൽ ഫ്ലൈറ്റാണിത്. ടവറുകളും ഒപ്റ്റിബ് ഫൈബര്‍ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തില്‍ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് സംവിധാനം എത്തിക്കുന്നിതിനുള്ള ഏറ്റവും ആധുനീകമായ ഉപഗ്രഹശൃഖലയുടെ ഭാഗമാണ് ബ്ലൂബേർഡ് ബ്ലോക്ക് 2.
ബഹിരാകാശത്തുനിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 223 ചതുരശ്ര മീറ്റര്‍ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്. ഇതിനു മൻപ് 4400 കിലോ ഭാരമുള്ള ഉപഗ്രഹം നവംബർ 2 ന് ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. സാധാരണ മൊബൈൽ ടവറുകൾ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈൽ റേഞ്ച് ലഭ്യമാകും. മുൻപ് ഇന്ത്യ വിക്ഷേപിച്ച വൺവെബ് ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയതാണ് ബ്ലൂബേർഡ്-6.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് ഈ കരാർ യാഥാർത്ഥ്യമായത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ച എൽവിഎം 3 റോക്കറ്റിന്റെ വിശ്വസ്തത ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ദൗത്യം. ലോകത്തെ വൻകിട ബഹിരാകാശ ഏജൻസികളോട് കിടപിടിക്കുന്ന വിക്ഷേപണ സൗകര്യങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് ഈ അന്താരാഷ്ട്ര സഹകരണം അടിവരയിടുന്നു.