താമരശ്ശേരി: താമരശ്ശേരി വെഴുപ്പൂർ ബസ്സ്റ്റോപ്പിനുസമീപം റോഡരികിലെ നീർചാലിൽ വൻതോതിൽ ശുചി മുറി മാലിന്യം തള്ളി. ഇന്നലെ അർദ്ധരാത്രിയാണ് മാലിന്യം തള്ളിയത്. താമരശ്ശേരിയിലെ ഒരു പ്രമുഖ ഹോട്ടലിൽ നിന്നും ഇന്നലെ രാത്രി മിനി ടാങ്കറിൽ കയറ്റിയ മാലിന്യമാണ് നീർച്ചാലിൽ തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. താമരശ്ശേരിയിൽ നിന്നും മാലിന്യം കയറ്റി പോകുന്നത് കണ്ട നാട്ടുകാർ പിൻതുടർന്നെങ്കിലും ഇവരെ കണ്ട് വാഹനം എടുത്ത് സ്ഥലം വിടുകയായിരുന്നു, വാഹനത്തിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. നൂറുക്കണക്കിന് ആളുകൾ കുളിക്കാനും ,അലക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്കാണ് നീർചാൽ ഒഴുകി എത്തുന്നത്, തോട് പിന്നീട് കൂടത്തായി പുഴയിലേക്കാണ് ചേരുന്നത്. മുമ്പും പല തവണ ഈ ഭാഗത്ത് സമാന രൂപത്തിൽ മാലിന്യം ഒഴുക്കിയിരുന്നു.